സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ചിൽ അണിനിരന്നത് നൂറുകണക്കിനുപേർ
ബിജെപിയുടെ ഭരണകൂട ഭീകരതയിൽ ജനരോഷമിരമ്പി

പത്തനംതിട്ട
ഛത്തീസ്‌ഗഡിൽ മലയാളികളായ കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ബിജെപി സർക്കാരിന്റെ ഭരണകൂട ഭീകരതയിൽ ജനരോഷമിരമ്പി. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്‌റ്റ്‌ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിനുപേർ അണിനിരന്നു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു.
ബിജെപിയുടെ പ്രഖ്യാപിത അജൻഡയുടെ ഭാഗമാണ് ഛത്തീസ്‌ഗഡ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഭരണം നിലനിർത്താനുള്ള ആയുധമാണ് വർഗീയത. അന്യമതക്കാരുടെ കഴുത്തറത്ത് വോട്ട്‌ബാങ്ക് ഉണ്ടാക്കുകയാണ്. പാവപ്പെട്ടവരെ ദ്രോഹിച്ച് അംബാനിമാരുടെ ചെരുപ്പുനക്കികളായി അവർ. കന്യാസ്‌ത്രീകളെ തുറങ്കിലടച്ചതിലുള്ള പ്രതിഷേധം അവിടത്തെ കോൺഗ്രസ് നേതാക്കൾ ഇതുവരെ ഉന്നയിച്ചിട്ടില്ല. കേരളത്തിൽ ഇരട്ടത്താപ്പ് കാട്ടുകയാണ്. ഛത്തീസ്‌ഗഡിൽ കൊണ്ടുവന്ന മതപരിവർത്തന നിയമം പിൻവലിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുമോയെന്ന് രാജു ഏബ്രഹാം ചോദിച്ചു.
ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു, ഡോ. സജി ചാക്കോ എന്നിവർ സംസാരിച്ചു. അബാൻ ജങ്‌ഷനിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.








0 comments