കന്യാസ്‌ത്രീകൾക്കെതിരായ ഭരണകൂട ഭീകരത ക്രൈസ്‌തവസഭകളുടെ മൗനജാഥ നാളെ

പത്തനംതിട്ട
ഛത്തീസ്ഗഡിൽ കന്യാസ്‌ത്രീകൾക്കുനേരെയുണ്ടായ ഭരണകൂടഭീകരതയിൽ പ്രതിഷേധിച്ച് ക്രൈസ്‌തവ വിശ്വാസികൾ ഞായറാഴ്‌ച പത്തനംതിട്ടയിൽ മൗനജാഥ നടത്തുമെന്ന് സഭകളുടെ നേതൃത്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കൊപ്പം യാത്രചെയ്‌ത പെൺകുട്ടികൾക്ക് 18നുമുകളിൽ പ്രായമുണ്ട്. അവരുടെ മാതാപിതാക്കളുടെ സമ്മതപത്രങ്ങളോടെയും നിയമപരമായ തിരിച്ചറിയൽ രേഖകളോടെയുമായിരുന്നു യാത്ര. എന്നാൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാരോപിച്ച് അവരെ അറസ്‌റ്റുചെയ്‌ത നടപടി അതിക്രൂരവും ആസൂത്രിതവുമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട പൊലീസ് നിരപരാധികളെ കേൾക്കാതെ ജാമ്യം പോലും നിഷേധിക്കുന്ന തരത്തിൽ നടപടി സ്വീകരിച്ചത് ക്രൈസ്‌തവർക്കെതിരായ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.
വൈകിട്ട് മൂന്നിന് സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നാരംഭിക്കുന്ന ജാഥ ഗാന്ധി സ്‌ക്വയറിലും തുടർന്ന് സെന്റ് സ്‌റ്റീഫൻസ് കത്തീഡ്രലിലും എത്തും. സമാപനയോഗത്തിൽ കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പൊലീത്ത (ഓർത്തഡോക്‌സ് സഭ), ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത, റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ (ബിഷപ്പ് സിഎസ്ഐ മധ്യകേരള ഡയോസിസ് ആൻഡ് സെക്രട്ടറി നിലയ്‌ക്കൽ എക്യുമെനിക്കൽ ട്രസ്‌റ്റ്), സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത, യൂഹാനോൻ മാർ ക്രിസോസ്‌റ്റം മെത്രാപ്പൊലീത്ത (മലങ്കര കത്തോലിക്കാസഭ), ജോൺസൺ കല്ലിട്ടയിൽ കോറെപ്പിസ്‌കോപാ, അഡ്വ. പ്രകാശ് പി തോമസ് (സെക്രട്ടറി, കേരള ക്രിസ്‌ത്യൻ കൗൺസിൽ), അഡ്വ. ബിജു ഉമ്മൻ തുടങ്ങിയവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ഫാ. ജോൺസൺ പാറക്കൽ, ഫാ. ബിജു മാത്യു, ഫാ. ഏബ്രഹാം മണ്ണിൽ, ഫാ. സെബാസ്‌റ്റ്യൻ കിഴക്കേതിൽ, സി. പവിത്ര എസ്‌ഐസി, കെ കെ ചെറിയാൻജി എന്നിവർ പങ്കെടുത്തു.









0 comments