1136 കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികൾക്ക്‌ ഗതിവേഗം

ആഹ്ലാദത്തിമിർപ്പിൽ ചെങ്ങറ ഗ്രാമം

Chengara

പുനരധിവസിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കാനുള്ള നിർദേശമറിഞ്ഞ്‌ ചെങ്ങറ നിവാസികൾ ആഹ്ലാദം പങ്കിടുന്നു

avatar
ഷാഹീർ പ്രണവം

Published on Sep 03, 2025, 12:05 AM | 2 min read

കോന്നി

ചെങ്ങറയിലെ 1136 കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതോടെ ആഹ്ലാദത്തിമിർപ്പിൽ കുടിയേറ്റഗ്രാമം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമഗ്ര പാക്കേജുകളടക്കം പ്രഖ്യാപിച്ചത്‌.

റേഷൻകാർഡ്, തൊഴിൽകാർഡ്, വൈദ്യുതി, കുടിവെള്ളമടക്കം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ 29നാണ്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ചെങ്ങറയിലെത്തി റേഷൻ കാർഡും ഓണക്കിറ്റും വിതരണം ചെയ്‌തത്‌. അടുത്തമാസം മുതൽ സഞ്ചരിക്കുന്ന റേഷൻകടകളും ഇവിടെയെത്തും.

അങ്കണവാടികൾ വഴി പോഷകാഹാരങ്ങൾ വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. വൈദ്യുതിയെത്താത്ത ഇവിടെ ഡീസലുപയോഗിച്ച് കത്തിക്കുന്ന വിളക്കുകളാണ് ഉപയോഗിക്കുന്നത്. ഇതു കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ റേഷൻ കാർഡുകൾക്ക് മണ്ണെണ്ണയുടെ അളവ് ആറു ലിറ്ററായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്‌. ട്രാൻസ്‌ഫോർമർ, പോസ്‌റ്റുകൾ എന്നിവ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നതിന് കെഎസ്ഇബി 1.48 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇതിന് കൂടുതൽ തുക ഉൾപ്പെടുത്തി നടപടി വേഗത്തിലാക്കും. അറുനൂറോളം കുടുംബം ഇവിടെയുണ്ട്‌. പല വീടുകൾക്കും ഭിത്തികളില്ലാത്തത് വൈദ്യുതി മീറ്റർ സ്ഥാപിക്കാൻ തടസമാകുന്നു. ഇതു പരിഹരിക്കും. കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറ്ററി അധികൃതർ സ്ഥലം സന്ദർശിച്ച് എസ്‌റ്റിമേറ്റ് തയ്യാറാക്കി നടപടി തുടങ്ങിയിട്ടുണ്ട്‌.

വനത്തിന്റെ കല്ലാറിന്റെയും അതിർത്തിയിലുള്ള ഗ്രാമത്തിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം ആളുകൾ കൃഷി ഉപേക്ഷിച്ച് പുറത്ത് കൂലിപ്പണിക്ക്‌ പോയാണ്‌ വരുമാനം കണ്ടെത്തുന്നത്.

വന്യമൃഗശല്യം ഒഴിവാക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2009ൽ വി എസ് സർക്കാരിന്റെ കാലത്താണ് ഇവർക്ക് ഭൂമി നൽകാൻ പ്രത്യേക പാക്കേജ് നടപ്പാക്കിയത്. 1495 പേർക്ക് 14 ജില്ലകളിലായാണ്‌ ഭൂമി കണ്ടെത്തിയത്. എന്നാൽ ഇതിൽ 515 പേർ പട്ടയം സ്വീകരിക്കാതെ ചെങ്ങറയിൽ മടങ്ങിയെത്തി കുടിയേറ്റം തുടരുകയായിരുന്നു. അന്നത്തെ പട്ടികയിൽപ്പെടാത്ത 85 കുടുംബം കൂടി ഇപ്പോൾ ഇവിടെ താമസിക്കുന്നുണ്ട്.

​‘ഏറെ പ്രതീക്ഷ നൽകുന്നു’

ചെങ്ങറ കുടിയേറ്റവാസികൾക്ക് ഏറെ പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെന്ന്‌ സാധുജന വിമോചന സംയുക്തവേദി സെക്രട്ടറി സുരേഷ് കല്ലേലി പറഞ്ഞു. നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ വകുപ്പുകൾ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിച്ചുവരികയാണ്. സർക്കാർ നടപടികളെ സ്വാഗതം ചെയ്യുന്നു – സുരേഷ് പറഞ്ഞു. വേദി പ്രസിഡന്റ്‌ കെ എസ് ഗോപി, ട്രഷറർ പി കെ ബാബു എന്നിവരും സന്തോഷം പങ്കുവച്ചു.

സുരേഷ് കല്ലേലി




deshabhimani section

Related News

View More
0 comments
Sort by

Home