അബാൻ മേൽപ്പാലം നിർമാണം അതിവേഗം

പത്ത്‌ സ്പാനുകൾ പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Sep 11, 2025, 12:05 AM | 1 min read

പത്തനംതിട്ട

മുൻസിപ്പൽ ബസ് സ്റ്റാൻഡ് കവാടം മുതൽ മുത്തൂറ്റ്‌ ജങ്‌ഷൻ വരെ പൂർണമായും വാഹനഗതാഗതം നിരോധിച്ചതോടെ അബാൻ മേൽപ്പാല നിർമാണം ദ്രുതഗതിയിലായി. നിലവിൽ മുത്തൂറ്റ്‌ ആശുപത്രിയുടെ ഭാഗത്തേക്കുള്ള റോഡിലുള്ള തൂണിന്റെ നിർമാണമാണ്‌ നടക്കുന്നത്‌. ഇതുകൂടാതെ ഒരു തൂൺ കൂടി നിർമിക്കാനുണ്ട്‌. അബാൻ ടവറിനോട് ചേർന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബിൽഡിങ്ങിനുമുന്നിൽ പൈൽക്യാപ്പ്, പിയർ പ്രവൃത്തികൾ ക്രമീകരിക്കാനാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്‌.

ആകെയുള്ള 20 സ്പാനിൽ 10 എണ്ണം ഇതിനകം പൂ‍ർത്തിയായി. ശ്രീവത്സം ഭാഗത്തുനിന്ന് ഒന്നുമുതൽ നാലുവരെയുള്ള സ്‌പാനുകൾ തുടർച്ചയായി നിർമിച്ചു. പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡ്‌ കവാടത്തിനുമുന്നിലെ അഞ്ചുമുതൽ പത്തുവരെയുള്ള സ്‌പാനും പൂർത്തിയായിട്ടുണ്ട്‌. ഹാൻഡ്‌ റെയിൽ നിർമാണവും ഉടൻ പൂർത്തിയാകും. സർവീസ്‌ റോഡിനായി ഏറ്റെടുത്ത സ്ഥലത്ത്‌ മതിൽ കെട്ടിത്തുടങ്ങി. 12 മീറ്റർ വീതിയിൽ 611 മീറ്റർ നീളത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മേൽപ്പാലം നിർമിക്കുന്നത്.

ജങ്‌ഷൻ മുതൽ മേൽപ്പാലത്തിന്റെ അവസാനമായ മൂത്തൂറ്റ്‌ ആശുപത്രി വരെയുള്ള ഭാഗത്താണ്‌ ഇനി നിർമാണം പൂർത്തിയാകാനുള്ളത്‌. ഇവിടെ ആഗസ്ത്‌ 23 മുതലാണ്‌ ഗതാഗതം താൽക്കാലികമായി നിരോധിച്ചത്‌. ബുധൻ മുതൽ സ്വകാര്യ ബസ് സ്റ്റാൻഡ് കവാടം മുതൽ അബാൻ ജങ്‌ഷൻ വരെയുള്ള ഗതാഗതവും നിരോധിച്ചതോടെ നിർമാണത്തിന്‌ വേഗം കൂടി.

വാഹനങ്ങൾ ഇ‍ൗ വഴി

ബസ്‌സ്റ്റാന്‍ഡ് മുഖ്യകവാടം മുതല്‍ അബാന്‍ ജങ്‌ഷന്‍ വരെയുളള ഭാഗത്തെ വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതിനാൽ അബാന്‍ ജങ്‌ഷനില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ജങ്‌ഷന്‍ വഴി കെഎസ്ആര്‍ടിസിക്ക്‌ മുന്നിലൂടെ പോകണം. ശ്രീവത്സം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി – മിനി സിവില്‍ സ്‌റ്റേഷന്‍ വഴി തിരിഞ്ഞുപോകണം. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറത്തേക്കുവരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജങ്‌ഷന്‍ വഴിയും സ്വകാര്യ ബസ്‌ സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ കുമ്പഴ –മൈലപ്ര– എസ് പി ഓഫീസ് ജങ്‌ഷന്‍-– കെഎസ്ആര്‍ടിസി വഴിയും സ്റ്റാന്‍ഡിൽ കയറണം.




deshabhimani section

Related News

View More
0 comments
Sort by

Home