ജിം പരിശീലകന് ക്രൂരമർദനം; മൂന്നാംപ്രതി അറസ്റ്റിൽ

വെണ്ണിക്കുളം
ജിമ്മിൽ പരിശീലനത്തിനെത്തിയ ആൾ ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്ത പരിശീലകൻ ക്രൂരമർദനത്തിനിടയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കേസിലെ മൂന്നാം പ്രതി പുറമറ്റം പടുതോട് വാലാങ്കര മരുതൂർ കാലായിൽ വീട്ടിൽ അപ്പാ എന്ന എം എ സുധീർ (45) ആണ് അറസ്റ്റിലായത്. പുറമറ്റം വെണ്ണിക്കുളത്തുള്ള പെഗാസസ് ഫിറ്റ്നസ് സെന്ററിലാണ് യുവാവിന് നേരേ ആക്രമണമുണ്ടായത്. തെള്ളിയൂർ കോളഭാഗം വേലം പറമ്പിൽ വീട്ടിൽ അലൻ റോയി (19) ക്കാണ് ക്രൂരമർദ്ദനമേറ്റത്. വെള്ളി വൈകിട്ട് 6.30ന് ഏഴോളം പേർ ചേർന്നാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ജിമ്മിലെത്തിയ ഒന്നാംപ്രതി ഷിജിൻ ഷാ ഹാൻസ് ഉപയോഗിച്ചത് അലൻ ചോദ്യം ചെയ്തതിന്റെ വിരോധത്താലായിരുന്നു ആക്രമണവും ക്രൂര മർദനവും. പരിശീലനത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് വടി ഉപയോഗിച്ച് അലന്റെ തലയിൽ രണ്ടുവട്ടം അടിച്ചു.
അടി തടഞ്ഞ അലന്റെ ചെറുവിരലിന് പൊട്ടലുണ്ട്. മറ്റ് പ്രതികളായ ഷിജിൻ, ഷിനാസ്, ബിനോയ്, സനു എന്നിവർ ഒളിവിലാണ്. വാലാങ്കരയിലെ വീടിന് സമീപത്ത് നിന്നാണ് സുധീറിനെ പിടികൂടിയത്.
അറസ്റ്റിലായ സുധീർ കോയിപ്രം സ്റ്റേഷനിലെ 17 കേസുകളിൽ പ്രതിയാണ്. കാപ്പ നടപടികൾക്കും ഇയാൾ വിധേയനായിട്ടുണ്ട്. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ പി എം ലിപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽലാണ് ഒരു പ്രതി അറസ്റ്റിലായത്.









0 comments