യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആക്രമണം
ദേവസ്വം ബോർഡ് ഓഫീസ് തകർത്തു

പത്തനംതിട്ട
ശബരിമല ശിൽപ്പപാളി വിവാദം എൽഡിഎഫ് സർക്കാരിനെതിരെ തിരിക്കുകയെന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് മാർച്ചിൽ വ്യാപക അക്രമം. ശബരിമല എക്സിക്യൂട്ടീവ് ഓഫീസടക്കം സ്ഥിതിചെയ്യുന്ന ദേവസ്വം ബോർഡ് ഓഫീസ് കല്ലും തേങ്ങയും ഉപയോഗിച്ച് എറിഞ്ഞുതകർത്തു. കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പൊലീസിനെയും ക്രൂരമായി മർദിച്ചു.
ശബരിമലയിലെ വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ചൊവ്വാഴ്‌ച ദേവസ്വം ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യാനെത്തിയ സന്ദീപ് വാര്യരുടെയും മറ്റുള്ളവരുടെയും പ്രസംഗം കഴിഞ്ഞ് സമരം അവസാനിച്ച ശേഷമായിരുന്നു അക്രമം. പിരിഞ്ഞുപോകാതെനിന്ന് സംഘർഷമുണ്ടാക്കിയ യൂത്ത് കോൺഗ്രസുകാരുടെ കൂടെ സന്ദീപ് വാര്യരും കൂടി. കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വനിതാപ്രവർത്തക ബാരിക്കേഡിന്റെ കയർ മുറിച്ചു. ഇത് മറികടന്നാണ് ദേവസ്വം ബോർഡ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്.
കല്ലും തേങ്ങയുംകൊണ്ട് ഓഫീസിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞ് തകർത്തു. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് വാഹനത്തിനും നാശം വരുത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും പിന്തിരിയാതെ വീണ്ടും പ്രകോപനമുണ്ടാക്കുകയാണ് ചെയ്‌തത്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസുകളെടുത്താണ് അറസ്‌റ്റ് ചെയ്‌തത്.
ഉടച്ച് പ്രതിഷേധിക്കാനെന്ന വ്യാജേനയാണ് തേങ്ങയെത്തിച്ചത്. മാർച്ച് പത്തനംതിട്ട മേജർ ശ്രീശാസ്‌താ ക്ഷേത്രത്തിനുസമീപത്തെ ദേവസ്വം ഓഫീസിലെത്തിയതോടെയാണ് അക്രമാസക്തമായത്. സന്ദീപ് വാര്യർ പൊലീസിന്റെ കഴുത്തിൽ പിടിച്ച് തിരിച്ചു. ലാത്തി പിടിച്ചുവാങ്ങി വനിതാപൊലീസുകാരെയും ഉപദ്രവിച്ചു. കൂടുതൽ പൊലീസെത്തിയതോടെ ഇവർ മിനി സിവിൽ സ്‌റ്റേഷന് മുന്നിലെത്തി റോഡുപരോധിച്ചു. ഇവരെ അറസ്റ്റുചെയ്ത് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.









0 comments