നവവരനെയും വധുവിനെയും ആക്രമിച്ച നാലുപേർ അറസ്റ്റിൽ

മല്ലപ്പള്ളി
വാഹനത്തിന് വശം കൊടുത്തില്ലെന്ന് ആരോപിച്ച് വിവാഹദിനം നവവധുവും വരനും സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമണം നടത്തിയ സഹോദങ്ങളായ മൂന്നുപേരുൾപ്പെടെ നാല് പ്രതികളെ കീഴ്‌വായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയിൽ വീട്ടിൽ അഭിജിത്ത് അജി (27), സഹോദരങ്ങളായ അഖിൽജിത്ത് അജി (25), അമൽജിത്ത് അജി (22), പുറമറ്റം വലിയപറമ്പിൽ വീട്ടിൽ മയൂഖ്നാഥ് (20) എന്നിവരാണ് പിടിയിലായത്. കോട്ടയം കുറിച്ചി സ്വദേശിനി 29കാരിയും നവവരൻ മുകേഷ് മോഹനു (31) മാണ് പ്രതികളിൽ നിന്ന് മർദനമേറ്റത്. ഇവരുടെ വിവാഹദിനമായ കഴിഞ്ഞ 17ന് വൈകിട്ട് നാലിന് നവവരന്റെ വീട്ടിൽ വന്ന വാഹനങ്ങൾ പിന്നിൽ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിന് വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലൂപ്പാറ നെടുമ്പാറയിലായിരുന്നു സംഭവം.
വധൂവരൻമാർ യാത്രചെയ്ത കാറിൽ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. കാർ തടഞ്ഞുനിർത്തി ഒന്നാം പ്രതി അഭിജിത്ത് മുകേഷ് മോഹനെയും വീട്ടുകാരെയും അസഭ്യം പറയുകയും മുകേഷിന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച നവവധുവിനെയും ഇയാൾ ആക്രമിച്ചു. അഭിജിത്ത് വിളിച്ചുവരുത്തിയ മറ്റ് പ്രതികൾ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും വാതിൽ തകർക്കുകയും ചെയ്തു. മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മിൽ ഒരു വർഷം മുമ്പ് അഭിജിത്തിന്റെ കല്യാണദിവസം അടിപിടി ഉണ്ടായിരുന്നു. ഇതിന്റെ മുൻവിരോധവും ഇവർ തമ്മിലുണ്ട്. അഖിൽജിത്തും അമൽജിത്തും മറ്റൊരു കേസിലും പ്രതികളാണ്. ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇൻസ്‌പെക്‌ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.









0 comments