ആറന്മുള വള്ളസദ്യ

13 മുതൽ ഒരുങ്ങി പള്ളിയോട കരകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2025, 12:30 AM | 1 min read

കോഴഞ്ചേരി

ആറന്മുള പള്ളിയോടസേവാസംഘവും ദേവസ്വം ബോർഡും സംയുക്തമായി നടത്തുന്ന പ്രസിദ്ധമായ ആറന്മുള വള്ളസദ്യ 13ന് തുടങ്ങും. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളായി 52 പള്ളിയോട കരകൾ വള്ളസദ്യക്കായി ഒരുങ്ങി. ഇനിയുള്ള നാളുകൾ ആറന്മുള ക്ഷേത്ര പരിസരവും പമ്പാ നദിയുടെ തീരങ്ങളും വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ മുഖരിതമാകും. ആദ്യദിനമായ 13ന് ഏഴു പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുക്കുമെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു. 15 കരാറുകാരാണ് ഈ വർഷം വള്ളസദ്യ ഒരുക്കുന്നത്. ക്ഷേത്രത്തിനകത്തും പുറത്തുമായി 15 സദ്യാലയം ഒരുങ്ങി. വള്ളസദ്യ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 400 സദ്യകൾ ബുക്ക് ചെയ്തു. സദ്യ ഒരുക്കങ്ങൾ പൂർത്തിയായതായി ഫുഡ് കമ്മിറ്റി കൺവീനർ എം കെ ശശികുമാർ കുറുപ്പ് പറഞ്ഞു. സ്പെഷ്യൽ പാസ് സദ്യകൾ, കെഎസ്ആർടിസി സദ്യ എന്നിവ പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. വള്ളസദ്യ ഒക്ടോബർ രണ്ടിന് സമാപിക്കും. വള്ളസദ്യയോടനുബന്ധിച്ചുള്ള കെഎസ്ആർടിസിയുടെ പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയും 13ന് തുടങ്ങും. നാല് സർവീസുണ്ടാകും. പാറശാല മുതൽ കാസർഗോഡ് വരെ 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നതായി കെഎസ്ആർടിസി അറിയിച്ചു. വള്ളസദ്യക്ക് മുന്നോടിയായി അറ്റകുറ്റപണികൾ തീർത്ത പള്ളിയോടങ്ങൾ ഉടൻ നീരണിയും. ഉമയാറ്റുകര, മാലക്കര, ളാക ഇടയാറൻമുള പള്ളിയോടങ്ങൾ പണികൾ തീർത്ത് നീരണിയാൻ തയ്യാറെടുക്കുന്നു. മേലുകര, ആറാട്ടുപുഴ, ഓതറ കുന്നേക്കാട് പള്ളിയോടങ്ങൾ ആഗസ്റ്റ് ആദ്യവാരം നീരണിയും. ആഗസ്റ്റ് 10 മുതൽ 30 വരെ നടക്കുന്ന വഞ്ചിപ്പാട്ട് സോപാനത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വെള്ളി രാവിലെ 9.30ന് പാചകപ്പുരയിൽ അടുപ്പിലേക്ക് അഗ്നിപകരും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ക്ഷേത്രം മേൽശാന്തിയുടെ പക്കൽനിന്ന്‌ ശ്രീകോവിലിനുള്ളിൽനിന്ന്‌ ദീപം വാങ്ങി ദേവസ്വം അസിസ്റ്റന്റ് കമീഷണർ ആർ രേവതിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്. 13ന്‌ പകൽ 11ന് വള്ളസദ്യ നായർ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന ദിവസം ഏഴ് പള്ളിയോടങ്ങൾക്ക് സദ്യ നടക്കും. 52 കരകളിലെ കരനാഥന്മാരും പള്ളിയോടപ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home