അറിയാല്ലോ... സ്വന്തമല്ലേ

പാലക്കാട്
വോട്ട് അഭ്യർഥിച്ച് നല്ലേപ്പിള്ളി ഗ്രാമത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പൊൽപ്പുള്ളി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എം വി ധന്യക്ക് എല്ലാ വീട്ടിൽനിന്നും ഒരേ മറുപടി ""പരിചയപ്പെടുത്തേണ്ട ആവശ്യമില്ല...ധന്യയെ നമുക്ക് അറിയാല്ലോ''. നല്ലേപ്പിള്ളിയിലെ നാട്ടുകാർക്ക് ധന്യയെന്നും പ്രിയപ്പെട്ടവളാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തംഗമായി. മുന്നണി ധാരണ പ്രകാരം രണ്ടര വർഷം പ്രസിഡന്റായാണ് തിരിച്ചിറങ്ങിയത്. ഇതിനിടയിൽ നടത്തിയ വികസന പ്രവർത്തനം നാടെന്നും ഓർക്കുന്നവയാണ്. മഹിളാ അസോസിയേഷൻ പ്രവർത്തനങ്ങളും ജനങ്ങളോട് കൂടുതൽ അടുപ്പിച്ചു. ദീർഘകാലത്തെ അനുഭവ സമ്പത്ത് നാടിന്റെ വികസനത്തുടർച്ചക്ക് സഹായകമാകുമെന്ന ഉറപ്പിലാണ് വോട്ടർമാർ. നേരത്തെ കൊഴിഞ്ഞാമ്പാറ, മലമ്പുഴ, പുതുശേരി ഡിവിഷനുകളുടെ ഭാഗമായിരുന്നു പൊൽപ്പുള്ളി. വാർഡ് വിജനശേഷമാണ് പുതിയ ഡിവിഷനായത്. നല്ലേപ്പിള്ളി, പൊൽപ്പുള്ളി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളിലെ 42 വാർഡുകളാണ് ഡിവിഷനിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ ഇടപെടലില്‍ റോഡ് വികസനത്തിന് ൮.൧൧ കോടി രൂപ ചെലവിട്ടു. നിലവിലെ കൊഴിഞ്ഞാമ്പാറ ഡിവിഷന്‍ അംഗം മിനി മുരളി നടപ്പാക്കിയ വികസനങ്ങളുമുണ്ട്. ഖാദി യൂണിറ്റ് നവീകരണം (20 ലക്ഷം), അങ്കരാത്ത് കനാൽ നവീകരണം (40 ലക്ഷം), കുടിവെള്ള പൈപ്പ് ലൈൻ (20 ലക്ഷം), മിനിമാസ്റ്റ് ലൈറ്റ് (30 ലക്ഷം), ചെറിയ കണക്കൻപാറ കുളം നവീകരണം (30 ലക്ഷം), കോഴിപ്പാറ ഹൈസ്കൂൾ നവീകരണം (35 ലക്ഷം), തേനാരി ഹൈസ്കൂൾ നവീകരണം (20 ലക്ഷം) ഇങ്ങനെ നീളുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ വികസനം.









0 comments