മനം നിറയെ മഴ കാണാം

സായൂജ് ചന്ദ്രൻ
Published on Nov 12, 2025, 12:00 AM | 1 min read
പാലക്കാട്
ഇടവപ്പാതിയും തുലാവർഷവും, ഇനി മഴയുടെ ഭാവങ്ങളെല്ലാം മനസ്സ് നിറയെ കാണാം. അകത്തേത്തറ പഞ്ചായത്തിലെ കുന്നംപാറ ജൈവവൈവിധ്യ പാർക്കിലാണ് "മഴ കാണാൻ ഒരിടം' ഒരുക്കിയത്. പഞ്ചായത്തിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയാണ് മഴ ആസ്വദിക്കാനുള്ള ഇരിപ്പിടം നിർമിച്ചത്. പാർക്കിലെ വെൺതേക്ക് മരത്തിനുചുവട്ടിലാണ് സ്ഥാനം. ധോണി മല, പാലമല, കരിമല, കുറുമ്പാച്ചിമല, ആട്ടുമല, അടുപ്പുകൂട്ടി മല, പാറപ്പെട്ടി മല എന്നിങ്ങനെ പശ്ചിമഘട്ടത്തിൽ പെയ്യുന്ന മഴ ആസ്വദിക്കാമെന്നതാണ് സവിശേഷത. കുന്നംപാറ മലയുടെ താഴ്‌വാരത്തുകൂടി ട്രെയിനുകൾ കടന്നുപോകുന്നതും കാഴ്‌ചയെ മനോഹരമാക്കുന്നു. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയംഗം അഡ്വ. ലിജോ പനങ്ങാടനാണ് ആശയം മുന്നോട്ടുവച്ചത്. പഞ്ചായത്തും പ്രോത്സാഹനവുമായി കൂടെനിന്നു. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ സഹായവും പദ്ധതിക്ക് ജീവൻ നൽകി. പ്രദേശത്തെ സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ശേഖരിച്ചത് വിദ്യാർഥികളാണ്. "ട്രീസ് ഓഫ് ലൈഫ്' എന്ന പദ്ധതി രൂപീകരിച്ച് പാർക്കിലെ 30 സെന്റിൽ വംശനാശ ഭീഷണി നേരിടുന്ന 10 ഇനം മരങ്ങൾ വച്ചുപിടിപ്പിച്ചു. കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ സൗഹാർദ ഓഡിറ്റോറിയം നിർമിക്കാനും ആലോചനയുണ്ട്. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറയിൽ അഞ്ച് വർഷമായി നിരവധി പരിസ്ഥിതി സൗഹാർദ പദ്ധതികളാണ് നടപ്പാക്കിയത്. കുന്നംപാറയിലെ മഴയിടം തിങ്കളാഴ്‌ച പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, ബയോസ് മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ അഡ്വ. ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ, സ്ഥിരംസമിതി ചെയർപേഴ്സൺ മഞ്ജു മുരളി, ചന്ദ്രേഷ് രാജ്, സജിത്ത്, ഡോ. മീന പി കുമാർ എന്നിവർചേർന്ന് നാടിന് സമർപ്പിച്ചു.








0 comments