കാഴ്ച പരിമിതി വെല്ലുവിളിയല്ല

യുജിസി നെറ്റുമായി നീരജ

UGC Net
avatar
എം സി അനിൽകുമാർ

Published on Jul 26, 2025, 12:11 AM | 1 min read

ശ്രീകൃഷ്ണപുരം

അകക്കണ്ണ് പകർന്ന വെട്ടത്തിൽ ആർ നീരജ ലക്ഷ്യം നേടി. പരിമിതികൾക്ക് അവധികൊടുത്ത് ആവേശത്തോടെ പൊരുതിയപ്പോൾ ഈ പെൺകുട്ടി നേടിയത് യുജിസി നെറ്റ് യോഗ്യത. കലിക്കറ്റ് സര്‍വകലാശാല കാമ്പസിൽ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ നേട്ടം. കരിമ്പുഴ തോട്ടര ഈറാൻതോട്ടിൽ വീട്ടിൽ ജാനകിയുടെയും പരേതനായ രാഘവന്റെയും മകളാണ് നീരജ. കരിമ്പുഴ തോട്ടര ഹെലൻ കെല്ലർ ശതാബ്ദി സ്മാരക അന്ധവിദ്യാലയത്തിലായിരുന്നു ഏഴാം തരം വരെയുള്ള പഠനം. തുടർന്ന് കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇതിനിടെ അച്ഛന്റെ മരണം ഇരുട്ടടിയായി. തോട്ടര ഹെലൻ കെല്ലർ അന്ധവിദ്യാലയത്തിലെ ജീവനക്കാരിയായ അമ്മ ജാനകിയുടെ ചെറിയ വരുമാനമായിരുന്നു ഏക ജീവിതമാർഗം. പ്രാരാബ്ധങ്ങൾ ഏറെ ഉണ്ടായിട്ടും ആഗ്രഹങ്ങളോട് സന്ധി ചെയ്യാൻ നീരജ തയ്യാറായില്ല. മണ്ണാർക്കാട് എംഇഎസ് കോളേജിലെ ബിരുദ പഠനം ജീവിതത്തിൽ വഴിത്തിരിവായി. തുടർന്നാണ് കലിക്കറ്റ് സര്‍വകലാശാല കാമ്പസിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. മന്ത്രി ഡോ. ആർ ബിന്ദു ഉൾപ്പെടെയുള്ള പ്രമുഖർ നീരജയെ അനുമോദിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home