കാഞ്ഞിരപ്പുഴയിൽ പുലിഭീതി

മണ്ണാർക്കാട്
കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പൂഞ്ചോല എന്നിവിടങ്ങളിൽ പുലി ഭീതിയുള്ളതായി നാട്ടുകാർ. കഴിഞ്ഞദിവസം പൂഞ്ചോല കുറ്റിയംപാടം പുലാവഴി വീട്ടിൽ സുനിലിന്റെ വീട്ടിലെ വളർത്തുനായയെ വന്യജീവി കൊന്നിരുന്നു. വീടിനോട് ചേർന്ന് കെട്ടിയിട്ടിരുന്ന വിദേശയിനത്തിൽപ്പെട്ട വളർത്തുനായയെയാണ് കൊന്നത്. പുലിയാണെന്നാണ് നാട്ടുകാരുടെ സംശയം. ശനിയാഴ്‌ച മുനിക്കോടത്തും വന്യജീവി ആക്രമണമുണ്ടായിരുന്നു. കാങ്കത്ത് വീട്ടിൽ ഗോപാലന്റെ ആടിനെ വന്യജവി കൊന്നു. മുനിക്കോടത്തുനിന്നും കുറ്റിയാംപാടത്തേക്ക് ഒന്നര കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴ വാക്കോടനിൽ ഒരു വീട്ടിൽനിന്നും വളർത്തുനായയെ പുലി പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെ ഇരുമ്പകച്ചോല വെറ്റിലച്ചോലയിൽ സ്വകാര്യവ്യക്തിയുടെ റബർപുരയ്ക്ക് സമീപം വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടതായും പറയുന്നുണ്ട്. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു. എന്നാൽ, നിരീക്ഷണ കാമറയിൽനിന്നും വന്യമൃഗ സാന്നിധ്യം കണ്ടെത്താനായില്ല. വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ട കാഞ്ഞിരം അമ്പകടവ് മേഖലയിൽ കെ ശാന്തകുമാരി എംഎൽഎ സന്ദർശനം നടത്തിയിരുന്നു. കൂടുസ്ഥാപിക്കുന്നതിനും മറ്റുനടപടികൾക്കുമായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പാലക്കാട്, മണ്ണാർക്കാട് ഡിഎഫ്ഒ എന്നിവർക്ക് നിർദേശം നൽകി. തുടർന്ന്, വനംവകുപ്പ് പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചു.









0 comments