അഗളിയിൽ തുണൈ അദാലത്ത്

അഗളി
അട്ടപ്പാടിയുടെ സമഗ്ര വികസനത്തിന് ജില്ലാ ഭരണകേന്ദ്രം ആവിഷ്കരിച്ച ‘തുണൈ കർമപദ്ധതി'യിൽ അഗളി പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിലെ അദാലത്തിൽ 74 പരാതികൾ ലഭിച്ചു. ഇവ തുടർ നടപടിക്കായി വകുപ്പുകൾക്ക് കൈമാറി. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേണ്ടിയാണ് ‘തുണൈ കർമ പദ്ധതി' രൂപീകരിച്ചത്. ജില്ലാ ഉദ്യോഗസ്ഥസംഘം എല്ലാ മാസവും ഓരോ പഞ്ചായത്തുകളിലുമെത്തി പരിഹാരം കാണും. ഇതിനകം മൂന്ന് പഞ്ചായത്തുകളിൽ ഓരോ തവണ തുണൈ അദാലത്ത് പൂർത്തിയായി. ഉദ്യോഗസ്ഥരുടെ അവലോകനയോഗം കലക്ടറുടെ നേതൃത്വത്തിൽ നടന്നു. പരാതി പരിഹരിക്കാൻ കൂടുതൽ ജില്ലാ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചും യോഗം സംഘടിപ്പിക്കുമെന്ന് കലക്ടർ എം എസ് മാധവിക്കുട്ടി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അധ്യക്ഷയായി. അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, പഞ്ചായത്ത് സെക്രട്ടറി എസ് പഴനിസ്വാമി, പുതൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വള്ളി ശിവരാജൻ, സബ് കലക്ടർ അജ്ഞിത് സിങ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് ട്രൈബൽ പ്ലസ് 200 ദിനം പൂർത്തിയാക്കിയവർക്ക് സർക്കാരിന്റെ ഓണസമ്മാനമായ ആയിരം രൂപ കലക്ടര്‍ തൊഴിലാളികൾക്ക് കൈമാറി.









0 comments