ഇഴയടുപ്പത്തിൻ വഴികളിലൂടെ...

പാലക്കാട്
‘‘ദേ ഇപ്പോ നല്ല റോഡായി, കന്നുകാലിച്ചന്ത വലുതായി, കമ്മ്യൂണിറ്റി ഹാൾ തുറന്നു. ഇൗ വികസനമൊക്കെ ഞങ്ങൾ വേണ്ടെന്ന് വയ്‌ക്കുമോ’’–വാണിയംകുളം കവലയിലെത്തിയ ജില്ലാ പഞ്ചായത്ത് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ സിന്ധുമോളോട് നാട്ടുകാരുടെ വാക്കുകൾ. വാണിയംകുളത്തുകാർക്ക് സിന്ധുമോൾ അപരിചിതയല്ല. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് നാടിന്റെ മുഖച്ഛായ മാറ്റിയ പഞ്ചായത്ത് ഭരണസമിതിയിലെ കോതയൂർ വാർഡിൽനിന്നുള്ള അംഗമാണ്. ആ അനുഭവമാണ് കരുത്ത്. കഴിഞ്ഞതവണ പി കെ സുധാകരനിലൂടെ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാണിയംകുളം ഡിവിഷനിൽ എൽഡിഎഫ് വിജയിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം സി അബ്ദുൾഖാദർ ഡിവിഷൻ നിലനിർത്തി. അനങ്ങനടിയിലെ സീഡ് ഫാം മൂന്നരക്കോടി രൂപ ചെലവിട്ട് നവീകരിച്ചതാണ് വികസനത്തിൽ പ്രധാനം. ലൈഫ് പദ്ധതിയിൽ വാണിയംകുളത്ത് മാത്രം 650 വീടുകൾ പൂർത്തിയാക്കി. ആയുർവേദ ആശുപത്രി, ഐസ്‌ഒ അംഗീകാരമുള്ള കുടുംബാരോഗ്യകേന്ദ്രം, ഒരു കോടി രൂപയിൽ നവീകരിച്ച വാണിയംകുളം– കോതകുറുശി റോഡ്, നടപ്പാത നവീകരണം, സ്മാർട്ട് അങ്കണവാടികൾ, സ്മാർട്ട് വില്ലേജ് ഓഫീസ് എന്നിവയും നേട്ടങ്ങൾ. ഒരു കോടി രൂപ ചെലവിട്ടാണ് വാണിയംകുളം കന്നുകാലിച്ചന്ത സർക്കാർ നവീകരിച്ചത്. വാണിയംകുളം പഞ്ചായത്തിലെ 20 വാർഡ്, അനങ്ങനടിയിലെ 17 വാർഡ്, ചളവറയിലെ ഒന്പത് വാർഡ്, നെല്ലായ പഞ്ചായത്തിലെ ഒരു വാർഡ് എന്നിവ ചേർന്നതാണ് വാണിയംകുളം ഡിവിഷൻ.









0 comments