അണിനിരന്ന് ആയിരങ്ങൾ
അധ്യാപക പ്രതിഷേധം ആളിക്കത്തി

പാലക്കാട്
പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ അധ്യാപകരുടെ ഉജ്വല പ്രതിഷേധം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയം തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ജോലി സംരക്ഷണം ഉറപ്പാക്കുക, ശമ്പളപരിഷ്കരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന മാർച്ചിലും ധർണയിലും ആയിരത്തോളം അധ്യാപകർ പങ്കെടുത്തു. പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഡിയം സ്റ്റാൻഡിനുമുന്നിൽ സമാപിച്ചു. തുടർന്ന് ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. നമ്മുടെ വിദ്യാഭ്യാസ നയം തകർക്കാനാണ് രാജ്യം ഭരിക്കുന്നവരുടെ ശ്രമം. ഭൂരിപക്ഷത്തിനും വിദ്യാഭ്യാസം നിഷേധിക്കുക എന്നത് ചാതുർവർണ്യ വ്യവസ്ഥയുടെ കാഴ്ചപ്പാടാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ഇതാണ് ബിജെപി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. എല്ലാവർക്കും വിദ്യാഭ്യാസമെന്നത് ഇടതുപക്ഷ കാഴ്ചപ്പാടാണെന്നും അക്കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂബൻ ഐക്യദാർഢ്യ ഫണ്ട് ശേഖരണവും നടന്നു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ എം അജിത് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതിയംഗം എം ആർ മഹേഷ്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പ്രസാദ്, എൽ ഉമാമഹേശ്വരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അജില സ്വാഗതവും ജില്ലാ ട്രഷറർ ജി പ്രദീപ് നന്ദിയും പറഞ്ഞു.









0 comments