ചില്ലുപാലത്തിൽ ‘ചിൽ' ആണ് കുട്ടികൾ

പൂതങ്കോട് ഗവ. എൽപി സ്‌കൂളിലെ ചില്ലുപാലത്തിൽ വിദ്യാർഥികൾ
സായൂജ് ചന്ദ്രൻ
Published on Jul 04, 2025, 01:00 AM | 2 min read
പാലക്കാട്
സമീപത്തെ സ്വകാര്യ പാർക്കിൽ ചില്ലുപാലമുണ്ട്. എന്നാൽ അവിടേക്ക് വലിയ തുക നൽകിയാലേ പ്രവേശനമുള്ളൂ. കൊതിയോടെ നോക്കുന്ന കുട്ടികൾക്ക് സ്വന്തം സ്‌കൂളിൽ എപ്പോഴും സൗജന്യമായി കയറാനുള്ള ഒരു ചില്ലുപാലം നിർമിച്ചാലോ, അധ്യാപകർ ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് സമഗ്ര ശിക്ഷ കേരളയിൽ ഉൾപ്പെടുത്തി വർണക്കൂടാരത്തിന് 10 ലക്ഷം രൂപ അനുവദിക്കുന്നത്. അത് സംസ്ഥാന ചരിത്രത്തിൽ മറ്റൊരു അധ്യായം എഴുതുകയായിരുന്നു. കോങ്ങാട് പഞ്ചായത്തിലെ പൂതങ്കോട് ഗവ. എൽപി സ്‌കൂളിൽ അങ്ങനെ ഒരു ചില്ലുപാലം ഉയർന്നു. കൗതുകവും കളിയാരവങ്ങളുമായി പൂതങ്കോട് ജിഎൽപി സ്കൂളിലെ ചില്ലുപാലം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചേന്ദ്രിയ ഇടം, കളിയിടം, ഹരിതോദ്യാനം എന്നിങ്ങനെ മൂന്നായാണ് വർണക്കൂടാരത്തെ തിരിച്ചിരിക്കുന്നത്. ഇതിൽ പഞ്ചേന്ദ്രിയ ഇടത്തിലാണ് ചില്ലുപാലം. പാലത്തിലേക്കുള്ള പടികൾ കയറിയെത്തുമ്പോൾ ആദ്യം ചവിട്ടുന്നത് പുല്ലിന് മുകളിലാണ്. പിന്നീട് മിനുസമുള്ള ചില്ലിലൂടെ കാഴ്‌ചകൾ കണ്ടുള്ള നടത്തം. അവിടെനിന്ന് തല കീഴായി നിർമിച്ച കുടിലിലേക്കാണ് പ്രവേശനം. പരുപരുത്ത ചകിരിയിലൂടെ നടന്ന് ഉരുളൻ കല്ലുകൾക്ക് മുകളിലെത്തും. തിരിച്ച് പടികളിറങ്ങാതെ സ്ലൈഡിലൂടെ ഉരസിയാണ് താഴേക്കെത്തുക. വിനോദത്തിന് അപ്പുറം സ്പർശനത്തിന്റെ ശാസ്‌ത്ര വശങ്ങൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇരുമ്പ് കമ്പികളും മരത്തടിയും ഉപയോഗിച്ചുള്ള നിർമാണം സുരക്ഷ ഉറപ്പുവരുത്തുന്നു. 40 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓരോ ക്ലാസുകാർക്കും ഓരോ സമയത്താണ് പ്രവേശനം. ക്ലാസ് ചുമതലയുള്ള അധ്യാപകരും ഒപ്പമുണ്ടാകും. 2023 –- 2024 വർഷത്തിലാണ് വർണക്കൂടാരത്തിനായി തുക അനുവദിച്ചത്. പാലക്കാട് സ്വദേശി സുധീഷ് യാക്കരക്കായിരുന്നു ചില്ലുപാലത്തിന്റെ നിർമാണ ചുമതല. ചില്ലുപാലം കൂടാതെ സീസോ, ഊഞ്ഞാൽ എന്നിവയടങ്ങിയ കളിയിടവും ഔഷധ സസ്യങ്ങളുള്ള ഹരിതോദ്യാനവും കുട്ടികളുടെ പ്രിയപ്പെട്ടയിടമാണ്. ക്ലാസ് മുറിയിൽ ചിത്രശലഭത്തിന്റെ മാതൃകയിലും ജ്യാമിതീയ രൂപങ്ങളിലുമാണ് ഇരിപ്പിടവും മേശയും ഒരുക്കിയിരിക്കുന്നത്. വിവിധ പുസ്‌തകങ്ങളുള്ള ഭാഷായിടവും ഗണിത ഇടവും അക്വേറിയം ഉൾപ്പെടുന്ന ശാസ്‌ത്ര ഇടവും കരകൗശല വസ്‌തുക്കൾ നിർമിക്കുന്ന ഇടവും ചിത്രം വരയ്‌ക്കാൻ ഇലക്‌ട്രിക് ബോർഡും ഡോക്യുമെന്ററികളും സിനിമ കാണാൻ ടിവിയും പ്രത്യേകതയാണ്. കലോത്സവത്തിന് ആവശ്യാനുസരണം വലുതാക്കാൻ കഴിയുന്ന സ്റ്റേജും മേക്കപ്പിടാൻ പ്രത്യേക സ്ഥലവുമുണ്ട്. കെ ശാന്തകുമാരി എംഎൽഎ കഴിഞ്ഞ തിങ്കളാഴ്‌ച വർണക്കൂടാരവും ചില്ലുപാലവും കുട്ടികൾക്ക് തുറന്നു നൽകി.
പ്രധാന്യം കുട്ടികളുടെ മാനസികോല്ലാസത്തിന്....
സംസ്ഥാനത്ത് സ്കൂളുകളിൽ നിർമിക്കുന്ന ആദ്യത്തെ ചില്ലുപാലമാണ് പൂതങ്കോട് ഗവ. എൽപി സ്കൂളിലേത്. പൊതുവിദ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലൂടെയാണ് വർണക്കൂടാരം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ക്രിയാത്മക ഇടപെടലിലൂടെ സ്കൂളുകൾ മെച്ചപ്പെട്ടതിന്റെ ഉദാഹരണമാണ് പൂതങ്കോട്ടെ വർണക്കൂടാരം.
കെ ശാന്തകുമാരി എംഎൽഎ








0 comments