ഭാരതപ്പുഴയിൽ വീണ സുഗണേശ്വരന്റെ മൃതദേഹം കണ്ടെത്തി

കുഴൽമന്ദം
ഭാരതപ്പുഴ മുട്ടിക്കടവ് തടയണയ്‌ക്കുസമീപം വെള്ളത്തിൽ കാണാതായ മാത്തൂർ തണ്ണിക്കോട് കുന്നംപറമ്പ് സ്വദേശി സുഗണേശ്വരന്റെ (18) മൃതദേഹം പെരിങ്ങോട്ടുകുറുശി തോട്ടുമുക്ക് മുണ്ടിയൻകാവിനുസമീപം കണ്ടെത്തി. മീൻ പിടിക്കാൻ പോയ യുവാക്കളാണ് എട്ടാം ദിവസം പുഴയിലെ ചണ്ടിനിറഞ്ഞ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് അഗ്നിരക്ഷാസേനയിലെ സ്കൂബ ടീം അംഗങ്ങൾ മൃതദേഹം കരയിലെത്തിച്ചു. മൃതദേഹം രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. കോട്ടായി പൊലീസ് ഇൻക്വസ്റ്റിനും ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുംശേഷം പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. ഞായര്‍ പകൽ ഒന്നിനാണ് സുഹൃത്തായ തണ്ണീരങ്കാട് തോടുകാട് വീട്ടിൽ അഭിജിത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയത്. അഭിജിത്തിനെ പ്രദേശവാസി രക്ഷപ്പെടുത്തിയിരുന്നു. സുഗണേശ്വരനായി ആറുദിവസം പാലക്കാട്, ആലത്തൂർ, വടക്കഞ്ചേരി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി. മുട്ടിക്കടവ്, സത്രംകടവ്, കാളികാവ് പാലം, പെരിങ്ങോട്ടുകുറുശി ഞാവളിൻകടവ്, തോട്ടുമുക്ക്, ലെക്കിടി, പാമ്പാടി ഭാഗങ്ങളിലും തിരഞ്ഞു. തോട്ടുമുക്ക് ഞാവളിൻകടവ് എന്നിവിടങ്ങളിൽ പുഴയിലെ പാറക്കൂട്ടങ്ങളും തിരച്ചിലിന് വിഘാതമായി. നീരൊഴുക്ക് വർധിച്ചതോടെ കലക്ടറുടെ നിർദേശപ്രകാരം ആലത്തൂർ തഹസിൽദാർ ശരവണൻ, കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് എ സതീഷ്, മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരൻ എന്നിവർ സുഗണേശ്വരന്റെ രക്ഷിതാക്കളുമായി ചർച്ചനടത്തി വെള്ളിയാഴ്ച തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. നീരൊഴുക്ക് കുറയുമ്പോൾ തിരച്ചിൽ പുനരാരംഭിക്കാനായിരുന്നു തീരുമാനം. സബിത– -അരപുളീശ്വരൻ ദമ്പതികളുടെ ഏക മകനാണ്.









0 comments