ഹൃദയങ്ങളിൽ സങ്കടപ്പൂക്കളായ്‌

The accident happened when the car exploded while starting

മൃതദേഹങ്ങൾ താവളം അട്ടപ്പാടി ഹോളി ട്രിനിറ്റി പള്ളിയിലേക്ക് കൊണ്ടുപോകുന്നു

avatar
സായൂജ്‌ ചന്ദ്രൻ

Published on Jul 16, 2025, 12:29 AM | 1 min read

പൊൽപ്പുള്ളി

തെല്ലിട മഴ മാറിനിന്ന ആകാശചുവട്ടിൽ ആൾക്കൂട്ടം അകംപിടഞ്ഞ്‌ നിന്നു. കളിചിരികളും വർത്തമാനവുമായി ഓടിക്കളിച്ചവർ നിശ്‌ചലശരീരങ്ങളായി മുന്നിൽ. മൃതദേഹങ്ങൾക്ക്‌ പൂക്കൾ അർപ്പിക്കുമ്പോൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഉള്ളിൽ കണ്ണീർമഴ. ആൽഫ്രഡ് മാർട്ടിന്റെയും എമിൽ മരിയയുടെയും മൃതദേഹങ്ങൾ ചൊവ്വ രാവിലെ 9.30നാണ്‌ പാലന ആശുപത്രി മോർച്ചറിയിൽനിന്ന് പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിലെത്തിച്ചത്‌. ആൽഫ്രഡ് ഒന്നാം ക്ലാസിലും എമിൽ മരിയ പ്രീപ്രൈമറിയിലുമാണ് പഠിച്ചിരുന്നത്. ഓർമകൾ എണ്ണിപ്പറഞ്ഞ് വിദ്യാർഥികൾ പ്രിയപ്പെട്ട കൂട്ടുകാർക്ക് യാത്രാമൊഴിയേകി. ഇന്നലെവരെ ഒപ്പമുണ്ടായിരുന്നവർ ഇനിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുന്ന സഹപാഠികളായ കുരുന്നുകളുടെ മുഖം നാട്ടുകാർക്കും നൊമ്പരമായി. ദുരന്തം കവർന്ന രണ്ട്‌ കുഞ്ഞുജീവിതങ്ങളുടെ അന്ത്യയാത്രയിൽ നാട്‌ തേങ്ങലിൻ തോരാപെയ്‌ത്തായി. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, പൊൽപ്പുള്ളി ലോക്കൽ സെക്രട്ടറി എ വിനോദ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ, കർഷക സംഘം നേതാവ് കെ സ്വാമിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, പഞ്ചായത്ത് പ്രസിഡന്റ് ബാല ഗംഗാധരൻ, വൈസ് പ്രസിഡന്റ് പ്രസീത, വിദ്യാഭ്യാസ ഉപഡയറക്ടർ സലീന ബീവി, എഇഒ രാഖി, നാട്ടുകാർ, കുടുംബ സുഹൃത്തുക്കൾ എന്നിങ്ങനെ ആയിരക്കണക്കിനാളുകൾ കുരുന്നുകൾക്ക് അന്തിമോപചാരം അർപ്പിച്ചു. ചിറ്റൂർ ഹോളി ഫാമിലി പള്ളിയിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് എത്തിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ എൽ കവിത, സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, എച്ച് ജെയിൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home