പെട്ടെന്ന് അവർ മരിച്ചെന്ന് കേട്ടപ്പോൾ...

പൊൽപ്പുള്ളി കെവിഎംയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി യു അൻവിക എഴുതിയ കുറിപ്പ്

സ്വന്തം ലേഖകൻ
Published on Jul 16, 2025, 12:31 AM | 1 min read
പൊൽപ്പുള്ളി
ആൽഫ്രഡ്, എമിൽ മരിയ–-കളിചിരികളുമായി നടന്ന വിദ്യാലയമുറ്റത്ത് അവർ നിശ്‌ചലരായി എത്തിയപ്പോൾ വിങ്ങിപ്പൊട്ടി പിഞ്ചുഹൃദയങ്ങൾ. പൊൽപ്പുള്ളി കെവിഎംയുപി സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ചപ്പോൾ ജീവനറ്റ ശരീരങ്ങളിൽ കുരുന്നുകളും അധ്യാപരും പൂക്കളർപ്പിച്ചു. കൂട്ടത്തിൽ, മൂന്ന് ബിയിലെ യു അൻവിക എഴുതിയ കുറിപ്പും ഹൃദയത്തിന്റെ മാതൃകയിൽ വരച്ച ചിത്രവും ഏവരുടെയും മനസ്സിലേക്ക് തീരാസങ്കടമായി പടർന്നു.കാർ കത്തിയമർന്ന സമയത്തെ കുരുന്നുകളുടെ വേദനയും അമ്മ എൽസിയുടെ മക്കളെ രക്ഷിക്കൂ എന്ന നിലവിളിയും ഒന്നര മാസം മുമ്പ് അച്ഛൻ അർബുദം വന്ന് മരിച്ച വിവരം ആൽഫ്രഡ് സുഹൃത്തുക്കളോട് പങ്കുവച്ചതും അൻവികയെഴുതിയ കുറിപ്പിലുണ്ടായിരുന്നു. സ്കൂളിലെ മൂന്ന് കുഞ്ഞുങ്ങൾ അപകടത്തിൽപ്പെട്ടു എന്നറിഞ്ഞപ്പോൾ അധ്യാപകരും കുട്ടികളും അവരുടെ ചികിത്സക്കായി ഒന്നര ലക്ഷം രൂപയാണ് ആദ്യ ദിവസങ്ങളിൽ തന്നെ പിരിച്ചെടുത്തത്. മൂന്നാം ക്ലാസിലെ ആരുഷ്യ തന്റെ വർഷങ്ങളായുള്ള സമ്പാദ്യം കുടുക്ക പൊട്ടിച്ച് ഇതിനായി നൽകി. സർക്കാർ ചികിൽസാ സഹായം നൽകുമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും സൈക്കിൾ വാങ്ങാനായും പുത്തനുടുപ്പുകൾ വാങ്ങാനായും സ്വരുക്കൂട്ടിയ തുക കുട്ടികൾ കൈമാറി. ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലീനയും അമ്മ എൽസിയും പൂർണാരോഗ്യത്തോടെ തിരിച്ച് വരുമെന്ന പ്രതീക്ഷയും കുട്ടികൾ പങ്കുവച്ചു.









0 comments