പൊള്ളിപ്പിടഞ്ഞ ഓർമകൾ ബാക്കി
അവർ മണ്ണിലുറങ്ങി

ചിറ്റൂർ പൊൽപ്പുള്ളിയിൽ കാർ തീപിടിച്ച് പൊള്ളലേറ്റ് മരിച്ച ആൽഫ്രെഡ് മാർട്ടിന്റെയും എമിൽ മരിയയുടെയും മൃതദേഹം പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികൾ ആദരാഞ്ജലി അർപ്പിക്കുന്നു ഫോട്ടോ: ശരത് കൽപ്പാത്തി
അട്ടപ്പാടി
അത്തിക്കോട് പൂളക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതര പൊള്ളലേറ്റ് മരിച്ച ആൽഫ്രഡ് മാർട്ടിൻ (6) എമിൽ മരിയ (4) എന്നിവരെ ചൊവ്വ വൈകിട്ട് അട്ടപ്പാടി താവളം ട്രിനിറ്റി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം കഴിഞ്ഞ രണ്ടുദിവസമായി പാലന ആശുപത്രിയിൽ മോർച്ചറിയിലായിരുന്നു. ചൊവ്വ രാവിലെ 9.30ന് കുട്ടികൾ പഠിക്കുന്ന പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിലും ചിറ്റൂർ ഹോളി ഫാമിലി പള്ളിയിലും പൊതുദർശനത്തിന് വച്ചു. പകൽ രണ്ടോടെ അട്ടപ്പാടി താവളത്തെ സ്വന്തം വീട്ടിലെത്തിച്ചു. തുടർന്ന് താവളം ഹോളി ട്രിനിറ്റി പാരീഷ് ഹാളിൽ പൊതുദർശനത്തിനുവച്ചു. ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് നാലിന് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. കഴിഞ്ഞ വെള്ളി വൈകിട്ടാണ് പാലന ആശുപത്രിയിൽ നഴ്‌സായ എൽസിയും മൂന്ന് മക്കളും മുത്തശ്ശിയും അപകടത്തിൽപ്പെട്ടത്. കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പെട്രോൾ ടാങ്കിൽനിന്ന് തീ പടരുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ആൽഫ്രഡും എമിൽ മരിയയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. 60 ശതമാനം പൊള്ളലേറ്റ അമ്മ എൽസിയും മൂത്ത മകൾ അലീനയും എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയം നിലവിളി കേട്ട് ഓടിയെത്തിയ എൽസിയുടെ അമ്മ ഡെയ്സിക്കും നിസാരപരിക്കേറ്റിരുന്നു. അട്ടപ്പാടി സ്വദേശികളായ കുടുംബം ജോലിയുടെ ഭാഗമായി മൂന്നുവർഷം മുമ്പാണ് പൊൽപ്പുള്ളിയിലേക്ക് താമസംമാറിയത്. എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒരു മാസംമുമ്പ് അർബുദം ബാധിച്ച് മരിച്ചു. അടുത്ത വർഷം തിരിച്ച് അട്ടപ്പാടിയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കെയാണ് അപകടം.









0 comments