ഒറ്റപ്പാലത്തിന്റെ ‘കാവൽ റാണി’

ഒറ്റപ്പാലം
ജനപ്രതിനിധികളും ജീവനക്കാരും മാറി വന്നാലും ‘റാണി’ എന്നും ഒറ്റപ്പാലം നഗരസഭയുടെ കാവൽക്കാരിയാണ്. രണ്ട് വയസ്സുള്ളപ്പോഴാണ് ‘റാണി’ എന്ന നായ നഗരസഭയിലെത്തുന്നത്. അന്നത്തെ സെക്രട്ടറി ഭക്ഷണംനൽകി ‘റാണി’ എന്ന് പേരുമിട്ടു. അന്നുമുതൽ നഗരസഭ റാണിക്ക് സ്വന്തം വീടായി. നഗരസഭ വിട്ട് എവിടേക്കും പോകില്ല. എല്ലാവരോടും വാലാട്ടി സ്നേഹം പ്രകടിപ്പിക്കും. പക്ഷെ, രാത്രിയാകുമ്പോൾ ഒന്നു ശ്രദ്ധിക്കണം. കാവൽക്കാരിയുടെ ഡ്യൂട്ടി ഏറ്റെടുത്ത് കഴിഞ്ഞാൽ സ്വഭാവത്തിൽ മാറ്റംവരും. ശമ്പളമില്ലാത്ത പണിയാണെങ്കിലും അവൾ ഹാപ്പിയാണ്. കൃത്യമായി കുത്തിവയ്‌പ്പ് എടുക്കാറുണ്ട്. അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനും നഗരസഭയിലെ സുരക്ഷാജീവനക്കാർ മറക്കാറില്ല. ഇന്ന് അവൾ എട്ടു വയസ്സുകാരിയാണ്. സഹജീവിസ്നേഹത്തിന്റെ മികച്ച ഉദാഹരണമാണ് ഒറ്റപ്പാലത്തിന്റെ ‘കാവൽ റാണി’.









0 comments