ജില്ലാ ലഹരിമോചന കേന്ദ്രം പുതിയ കെട്ടിടം തുറന്നു
ലഹരിക്കെതിരെ കേരളത്തിൽ ജനകീയ ചെറുത്തുനിൽപ്പ്: എം ബി രാജേഷ്

അഗളി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. ലഹരിക്കെതിരെ ജനകീയ ചെറുത്തുനിൽപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും എക്‌സൈസ്– -ആരോഗ്യ വകുപ്പുകളും ചേർന്ന് നിര്‍മിച്ച ജില്ലാ ലഹരി മോചനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ മാത്രമാണ് ലഹരിമുക്ത ചികിത്സയ്ക്ക് വകുപ്പ് നേതൃത്വം നൽകുന്ന ഏറ്റവും നല്ല സംവിധാനമുള്ളത്. കേരളത്തിൽ മാത്രമാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും അറസ്റ്റുകൾ നടക്കുന്നതും. ഇതിനെ തെറ്റായി ചിത്രീകരിച്ച് കേരളം ലഹരിയുടെ ഹബ്ബായി മാറിയെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. അട്ടപ്പാടി താലൂക്ക് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമീഷണര്‍ എസ് കൃഷ്ണകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂർത്തി, ജില്ലാ പഞ്ചായത്ത് അംഗം പി സി നീതു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കാളിയമ്മ മുരുകൻ, എസ് സനോജ്, സിന്ധു ബാബു തുടങ്ങിയവർ സംസാരിച്ചു.









0 comments