ഇല്ലായ്‌മയിൽനിന്ന് വായന നൽകിയ ആത്മവിശ്വാസം. അത് എഴുത്തിലേക്ക് നയിച്ചു. ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി പോയകാലത്തെ തൊടുന്നു
കൊതിയോടെ കേട്ടു, പിന്നെ എഴുത്തിന്റെ ലോകത്തിൽ

എം സി അനിൽകുമാർ
Published on Jul 07, 2025, 12:33 AM | 2 min read
എട്ടിൽനിന്ന് ജയിച്ചപ്പോൾ തുടർപഠനത്തിന് ആറുരൂപ ഫീസ് വേണം. പണമില്ലാത്തതിനാൽ കൊൽക്കത്തയിലെ കടയിൽ ജോലിക്കുപോകാൻ തീരുമാനിച്ചു. ബംഗാളി നോവൽ തർജമകൾ വായിച്ചുണ്ടായ കൗതുകമായിരുന്നു പ്രേരണ. ഒരാഴ്ചയിലെ കൊൽക്കത്തവാസം ഭാവിതന്നെ മാറ്റി. പത്രങ്ങൾ, പുസ്തകം എന്നിവ കിട്ടായ്മ, ചോറ്റുപാത്രത്തിൽ കണ്ട തലമുടികെട്ട്, ഇതൊക്കെയായപ്പോൾ നാട്ടിലേക്ക് മടങ്ങണമെന്ന് വാശി. വീട്ടിലേക്ക് കത്തയച്ച് കാശുവരുത്തി, തിരിച്ചുപോന്നു. അവിടെനിന്നാണ് കഥയുടെ ലോകത്തേക്കും പിച്ചവയ്‌ക്കുന്നത്. നാട്ടിലെത്തിയപ്പോൾ പഠിക്കണമെന്ന മോഹം. അപ്പോഴേക്കും ആ വർഷം അവസാനിക്കാറായി. എട്ടാം ക്ലാസിൽ ഒരു ദിവസം ഇരുന്നതിന് ഒരുവർഷത്തെ ഫീസടയ്‌ക്കണമെന്നുപറഞ്ഞപ്പോൾ തളർന്നു. ഇളവനുവദിക്കണമെന്നപേക്ഷിച്ച് ഡിഇഒവിനെഴുതി. മറുപടി കിട്ടാതായപ്പോൾ നേരിൽപ്പോയി അനുകൂല തീരുമാനം നേടി–- അന്ന് പ്രായം 13. വാതംവന്ന് കാലുതളർന്ന അപ്പൂട്ടൻ മാമയിൽനിന്ന് കുട്ടിക്കാലത്ത് കഥകൾ കേട്ടു. അമ്മയും കഥകൾ പറഞ്ഞുതരും. കേൾവി വായനയിലേക്കും എഴുത്തിലേക്കും നയിച്ചു. വീട്ടിനടുത്തുള്ള ലൂഥറൻ മിഷൻ ചർച്ചിന്റെ വായനശാലയിൽപ്പോയി കുട്ടിക്കഥകൾ വായിച്ചു. അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ ശ്രീകൃഷ്ണപുരം പൊതുജന വായനശാലാ സെക്രട്ടറി ടികെഡി മാഷ് വായനയിൽ വഴികാട്ടിയായി. ഏഴാം ക്ലാസിൽ കൂട്ടുകാർചേർന്ന് ഉദയ സൂര്യൻ എന്ന കൈയെഴുത്ത് മാസിക ഉണ്ടാക്കി. അതിലാണ് ആദ്യ കഥ വന്നത്. ജയകേരളം വാരികയുടെ ബാലപംക്തിയിലും മാതൃഭൂമി ബാലപംക്തിയിലും കഥകൾ പ്രസിദ്ധീകരിച്ചു. 1965ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ കവി കാഥിക സമ്മേളനത്തിൽ ‘പൊയ്‌മുഖങ്ങൾ’ എന്ന കഥയ്ക്ക് ഒന്നാംസ്ഥാനം കിട്ടി. പത്താം ക്ലാസ് കാലത്ത് എഴുതിയ ‘നിരുപദ്രവജീവികൾ’ എന്ന കഥ മംഗളോദയം മാസികയിൽ പ്രസിദ്ധീകരിച്ചു. ആദ്യം പുസ്തകരൂപത്തിൽ വന്നത് കർണൻ എന്ന കുട്ടികൾക്കുള്ള നോവലായിരുന്നു. പത്താം ക്ലാസ് നല്ലമാർക്കോടെ പാസായി. കോളേജിൽ ചേരുന്ന കാര്യം ആലോചിക്കാനേ ആവില്ല. ഒരു വർഷം ടൈപ്‌റൈറ്റിങ്ങും ഷോർട്ട്‌ഹാൻഡുമായികൂടി. അതിനിടയിൽ ടിടിസിക്ക് അപേക്ഷിച്ചു. അത് കിട്ടിയപ്പോഴും വിഷമമായി. ഫീസുവേണം. ആനക്കരയിലെ ട്രെയിനിങ് സ്‌കൂളിൽ ഹോസ്റ്റൽ ചെലവുവേണം. പലരുടെയും സഹായത്താൽ കോഴ്സ് പൂർത്തിയാക്കി. പിന്നീട് രണ്ടുകൊല്ലം താൽക്കാലിക ജീവനക്കാരനായി. അതിനിടയിൽ പ്രൈവറ്റായി മലയാളം വിദ്വാൻ പരീക്ഷ പാസായി. പിഎസ്‌സി നിയമനം കിട്ടിയത് 1971ൽ എടത്തര ജിയുപി സ്‌കൂളിൽ. ഒരു വർഷത്തിനകം മലയാളം എച്ച്‌എസ്‌എയായി പ്രൊമോഷൻ കിട്ടി. കൊടുവായൂർ ജിഎച്ച്എസ്, മോയൻ ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായി. ഒപ്പം പ്രൈവറ്റായി എംഎ മലയാളം ഒന്നാം ക്ലാസോടെ പാസായി. ബിഎഡും ഒന്നാം ക്ലാസിൽ പാസായി. 1997ൽ ഹെഡ്‌മാസ്റ്ററായി പ്രൊമോഷൻ കിട്ടി. ഇടുക്കി രാജാക്കാട് ഹയർ സെക്കൻഡറി, എടത്തനാട്ടുകര ഓറിയന്റൽ ഹയർ സെക്കൻഡറി, ജിവിഎച്ച്എസ് അലനല്ലൂർ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ, ഹെഡ്‌മാസ്റ്റർ തസ്തികകളിൽ പ്രവർത്തിച്ചു. ഒരു വെറും സാക്ഷി മാത്രം, നിലവിളിപോലെ, കണ്ണാടിയിൽ കാണാത്തത്, ഇപ്പോൾ ചിരിക്കുന്നതാര്, പുരപ്പുറത്തേക്ക് ചായുന്ന മരങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി
ശ്രീകൃഷ്ണപുരം ചെറുമുറ്റത്തൊടി വീട്ടിൽ അനന്തൻ, തങ്കമ്മ എന്നിവരുടെ രണ്ടാമത്തെ മകനായി 1947ൽ ജനനം. മലയാളം അധ്യാപകൻ, പ്രധാനാധ്യാപകൻ എന്നീനിലകളിൽ പ്രവർത്തിച്ചു. 2002 ൽ ജിവിഎച്ച്എസ് അലനല്ലൂരിൽനിന്ന് വിരമിച്ചു. 10 വർഷം മണ്ണമ്പറ്റ സ്വാശ്രയ ടിടിഐയിൽ പ്രിൻസിപ്പലായി. ശ്രീകൃഷ്ണപുരം ലൈബ്രറി സ്വീറ്റ് പ്രസിഡന്റും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റുമാണ്. ദേശീയ അധ്യാപക അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്,സംസ്ഥാന ബാലസാഹിത്യഅക്കാദമി വിവർത്തനം/സംഗ്രഹണത്തിനുള്ള പുരസ്‌കാരം എന്നിവ നേടി. ശ്രീകൃഷ്ണപുരം ഹരിശ്രീ വീട്ടിൽ താമസം. ഭാര്യ: പരേതയായ ഇന്ദിരാദേവി, മക്കൾ: രാജീവൻ (ഏഷ്യാനെറ്റ് ന്യൂസ്), മനു (ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ: രേഖ (അധ്യാപിക,) സുജിത (മട്ടുപ്പാവ് കർഷക).









0 comments