പാഠങ്ങൾ വരകളായ് ചുവരിൽ

ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയത്തിൽ വരച്ച ചിത്രത്തിനുമുന്നിൽ അനീഷ്

എം സനോജ്
Published on Jul 09, 2025, 01:38 AM | 1 min read
ഒറ്റപ്പാലം
സർക്കാർ ബധിര വിദ്യാലയത്തിന്റെ ചുവരുകളിൽ കാണാം പാഠഭാഗങ്ങളുടെ ചിത്രങ്ങൾ. സ്കൂളിലെ താൽക്കാലിക അധ്യാപകനായിരുന്ന അനീഷാണ് വർണാഭമായ ചിത്രങ്ങൾ ഒരുക്കിയത്. കേൾവിക്കുറവും സംസാര വൈകല്യവും നേരിടുന്ന കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് വരച്ചത്. ഒരു മധ്യവേനൽക്കാലം, ചുവർചിത്രം വരയ്‌ക്കാനായി സ്കൂളിൽ എത്തിയപ്പോഴാണ് ചിത്രകലാ അധ്യാപകനുള്ള താൽക്കാലിക ഒഴിവ് അനീഷ് അറിഞ്ഞത്. ദിവസവേതനാടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും താൽക്കാലിക ജീവനക്കാർക്കും കെ–- ടെറ്റ് യോഗ്യത വേണമെന്ന നിബന്ധന വന്നതോടെ ഒഴിവാകേണ്ടിവന്നു. കെ –-ടെറ്റ് യോഗ്യത നേടിയെടുക്കാനുള്ള പരിശ്രമങ്ങൾക്കിടയിലും കലാകാരന്റെ ദൗത്യം തുടരുകയാണ്. രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സിലൂടെയാണ് ചിത്രരചനയിലെ തന്റെ അഭിരുചികൾ ഊട്ടിയുറപ്പിച്ചത്. ഇപ്പോൾ അനീഷിന്റെ കരസ്പർശങ്ങളാൽ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി. സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിവ മോടിപിടിപ്പിച്ചു. ഇത്രമേൽ മനോഹര ചിത്രങ്ങൾ ചുവരുകളിൽ ഇടംപിടിച്ചപ്പോൾ സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും കണ്ണും മനസ്സും കുളിരണിയുന്നു. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി ഉയർത്തുന്ന പദ്ധതിയിൽ ഇടം പിടിച്ച വിദ്യാലയമാണിത്. അക്കാദമിക ഭൗതിക മുന്നേറ്റത്തിന് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ചുവരുകളെ മോടിപിടിപ്പിക്കുന്നതിന് സാധനസാമഗ്രികൾ വാങ്ങുന്നതിനുള്ള തുക ഈ ഫണ്ടിൽനിന്നാണ് വിനിയോഗിച്ചതെന്ന് അനീഷ് പറഞ്ഞു.









0 comments