നെല്ലിയാമ്പതിയിലേക്കും പോത്തുണ്ടിയിലേക്കും ജനപ്രവാഹം
അമ്പമ്പോ, ഇതെന്തൊരു തിരക്ക്

കൊല്ലങ്കോട്
ഓണാവധിക്കാലം ആഘോഷിക്കാൻ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്. പോത്തുണ്ടി ഉദ്യാന പരിസരത്ത് ഗാനമേളയും ഉദ്യാനത്തിലെ ദീപാലങ്കാരങ്ങളും കാണാൻ ആളുകളെത്തി. രാവിലെ നെല്ലിയാമ്പതി സന്ദർശിച്ചവര്‍ വൈകിട്ട് പോത്തുണ്ടിയിലെത്തി. മഴയില്ലാത്തതും ഗുണമായി. നെല്ലിയാമ്പതി പുലയംപാറ, സീതാർകുണ്ട് റോഡ്, കാരപ്പാറ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പോത്തുണ്ടി ചെക്ക്പോസ്റ്റിലൂടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ച മാത്രം രണ്ടായിരത്തിലേറെ വാഹനങ്ങളിൽ പതിനായിരത്തിലേറെ വിനോദസഞ്ചാരികൾ എത്തി. നെല്ലിയാമ്പതിയിലെ റിസോർട്ടുകൾ മാസങ്ങൾക്കുമുന്നേ ബുക്കിങ് തീർന്നതിനാൽ സഞ്ചാരികൾ രാവിലെ നെല്ലിയാമ്പതിയിലെത്തി വൈകിട്ട് മടങ്ങി. അഞ്ചുമണിക്കുമുമ്പ് ചെക്ക്പോസ്റ്റിൽ തിരിച്ചെത്തണമെന്ന് വിനോദസഞ്ചാരികൾക്ക് നിർദേശം നൽകിയെങ്കിലും ഏഴുമണിയായിട്ടും വാഹനങ്ങളുടെ മടങ്ങിവരവ് തുടർന്നു. പോത്തുണ്ടി ഉദ്യാനം 6,500 പേർ സന്ദർശിച്ചു. അണക്കെട്ടിനുമുകളിലേക്കും തിരക്ക് അനുഭവപ്പെട്ടു. വാഹന പാർക്കിങ് രണ്ട് കിലോമീറ്റർ നീണ്ടു. നെന്മാറ പോത്തുണ്ടി റോഡിലും വൈകിട്ട് നാലുമുതൽ ഗതാഗതക്കുരുക്കുണ്ടായി.









0 comments