"ശ്രാവണപ്പൊലിമ' സമാപിച്ചു

പാലക്കാട്
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുംചേർന്ന് സംഘടിപ്പിച്ച ഓണാഘോഷം ‘ശ്രാവണപ്പൊലിമ' ഞായറാഴ്‌ച സമാപിച്ചു. വ്യാഴാഴ്‌ചയാണ് പരിപാടി ആരംഭിച്ചത്. പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പോത്തുണ്ടി ഉദ്യാനം എന്നിവിടങ്ങളിലായിരുന്നു പരിപാടി. സമാപന ദിനത്തിൽ പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് ബേബീസ് കലാസമിതി അവതരിപ്പിച്ച കണ്യാർകളിയും കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളലും അരങ്ങേറി. ആറ് മുതൽ പ്രണവം ശശിയും സംഘവും അവതരിപ്പിച്ച നാട്ടുകൂട്ടം- കുമ്മാട്ടി സ്പെഷ്യൽ പരിപാടിയും ശേഷം അജയ് ജിഷ്ണുവും സംഘവും അവതരിപ്പിച്ച മാങ്കോസ്റ്റീൻ ക്ലബ്ബിന്റെ ലൈവ് മ്യൂസിക് ഷോയും അരങ്ങേറി. വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വൈകിട്ട് ആറിന് കലാമണ്ഡലം ലതിക, കലാക്ഷേത്ര പൊന്നിയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി, 6.30ന് സരിത റഹ്മാൻ പാടുന്നു എന്നിവ അരങ്ങേറി. ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ വൈകിട്ട് 4.30ന് പാലക്കാട് സാരംഗ ഓർക്കസ്ട്രയുടെ ഗാനമേള, 5.30ന് വിശ്വനാഥ പുലവരും സംഘവും അവതരിപ്പിച്ച തോൽപ്പാവക്കൂത്ത്, വൈകിട്ട് 6.30ന് പാലക്കാട് വടക്കൻസ് അവതരിപ്പിച്ച മെഗാ ഇവന്റ് എന്നിവ നടന്നു. പോത്തുണ്ടി ഉദ്യാനത്തിൽ വൈകിട്ട് 4:30ന് ജനാർദനൻ പുതുശേരിയും സംഘവും അവതരിപ്പിച്ച ആവണിപ്പാട്ടുകളും വൈകിട്ട് ആറിന് പാലക്കാട് പാട്ടൊരുമയുടെ പാട്ടുത്സവവും അരങ്ങേറി.









0 comments