ഇനി ചാകരക്കാലം

സായൂജ് ചന്ദ്രൻ
Published on Sep 11, 2025, 11:19 PM | 1 min read
പാലക്കാട്
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുകുളങ്ങളിലെ മത്സ്യകൃഷി കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. നിലവിൽ വിവിധ പഞ്ചായത്തുകളിൽ 809 കുളങ്ങളിലാണ് മീൻ വളർത്തുന്നത്. ഇത് ഇൗ വർഷം 944 കുളങ്ങളായി വർധിപ്പിക്കാനാണ് തീരുമാനം. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ 100 ദിന കർമ പദ്ധതികളുടെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുകുളങ്ങളിൽ മത്സ്യകൃഷി ആരംഭിച്ചത്. ജില്ലയിൽ ആകെ 235 ഹെക്ടർ കുളത്തിലാണ് മീനുകൾ വളരുന്നത്. 2024 – 25 കാലയളവിലായി ഇവിടെ 11 ലക്ഷത്തിന് മുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. 48 കുളങ്ങളിൽ കൃഷി നടത്തുന്ന കരിമ്പുഴ പഞ്ചായത്തിലാണ് കൂടുതൽ മത്സ്യങ്ങളുള്ളത്. അതത് പഞ്ചായത്തുകളാണ് കുളം കണ്ടെത്തി ഫിഷറീസ് വകുപ്പിനെ അറിയിക്കുന്നത്. സ്വകാര്യ വ്യക്തികൾ പാട്ടത്തിനെടുത്താണ് കൃഷിക്ക് നേതൃത്വം നൽകുക. മത്സ്യകൃഷിക്ക് ആവശ്യമായ സൗകര്യങ്ങൾ തദ്ദേശ വകുപ്പ് ഏർപ്പെടുത്തും. കാര്‍പ്പ് മത്സ്യങ്ങളായ കട്‌ല, രോഹു, മൃഗാല, സൈപ്രസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയവയും നൈല്‍ തിലാപിയ, ആസാം വാള, അനബാസ് തുടങ്ങിയ ഹൈബ്രിഡ് മത്സ്യങ്ങളും വരാല്‍, കരിമീൻ തുടങ്ങിയ നാടൻ മത്സ്യങ്ങളുമാണ് നിക്ഷേപിക്കുന്നത്. സാമ്പത്തിക ഉന്നമനം കൂടാതെ പൊതുകുളങ്ങളിലെ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയുമാണ് ലക്ഷ്യം. പൊതുകുളങ്ങൾ കൂടാതെ സ്വകാര്യ കുളങ്ങൾ, പടുതാകുളങ്ങൾ, ടാങ്കുകൾ എന്നിവയിലും മത്സ്യകൃഷി സജീവമാണ്. ഇവിടെയെല്ലാം നൂതന കൃഷി രീതികളാണ് പ്രയോഗിക്കുന്നത്. പടുതാകുളങ്ങളിൽ അതി സാന്ദ്രതാ മത്സ്യകൃഷി, റീ- സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (അക്വാപോണിക്സ്), ബയോഫ്ലോക്ക് മത്സ്യകൃഷി, ക്വാറിക്കുളങ്ങളില്‍ കൂട് മത്സ്യകൃഷി എന്നിവയും നടപ്പിലാക്കി വരുന്നുണ്ട്. ജില്ലയിലെ മീങ്കര, ചുള്ളിയാര്‍, മംഗലം, വാളയാര്‍, മലമ്പുഴ എന്നീ മത്സ്യ വിത്തുൽപ്പാദന കേന്ദ്രങ്ങളിൽനിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത്. 2024 – 2025 വർഷത്തിൽ മലമ്പുഴയിൽ മാത്രം 1.5 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ചിരുന്നു.








0 comments