നിപാ നിയന്ത്രണ വിധേയം

പൊരുതിനിന്ന്‌ നമ്മൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 21, 2025, 12:00 AM | 2 min read

പാലക്കാട്

നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലുമായി ജില്ലാ ഭരണസംവിധാനവും ആരോഗ്യവകുപ്പും. മണ്ണാർക്കാട്‌ തച്ചനാട്ടുകരയിൽ ആദ്യ നിപാ കേസ്‌ സ്ഥിരീകരിച്ചത്‌ മുതൽ കൈമെയ്‌ മറന്ന പ്രതിരോധ പ്രവർത്തനങ്ങളാണ്‌ ജില്ലയിൽ നടന്നത്‌. ഇതുവഴി നിപാ ഭീഷണി നിയന്ത്രണവിധേയമായതായി കലക്ടർ ജി പ്രിയങ്ക പറഞ്ഞു. ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്‌ ജില്ല സാക്ഷ്യംവഹിച്ചത്‌. മന്ത്രി വീണാ ജോർജ് നേരിട്ടും ഓൺലൈൻവഴിയും ദിവസവും സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ. വിവരങ്ങൾ ഏകോപിപ്പിക്കുന്നതിലും മാർഗനിർദേശങ്ങൾ നൽകുന്നതിലും കൺട്രോൾറൂം വലിയ പങ്കുവഹിച്ചു. വിവിധ മേഖലകളിലായി 27 കോർ കമ്മിറ്റികൾ രൂപീകരിച്ചു. നിപാ ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കാനും രോഗവ്യാപനം തടയാനും എല്ലാ സൗകര്യങ്ങളോടുകൂടിയ 40 ബെഡ്ഡുള്ള ഐസൊലേഷൻ യൂണിറ്റ് പാലക്കാട്‌ മെഡിക്കൽ കോളേജിൽ സജ്ജമാക്കി. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന്‌ അധികൃതർ. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ പി റീത്ത, ജില്ലാ മെഡിക്കൽ ഓഫീസൽ ഡോ. കെ ആർ വിദ്യ, ജില്ലാ പോഗ്രാം മാനേജർ ഡോ. ടി വി റോഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കാവ്യ കരുണാകരൻ, ഡോ. ഗീത, ആർദ്രം നോഡൽ ഓഫീസർ ഡോ. അനൂപ് റസ്റ്റാക്ക്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. അനിത, ഡോ. അനൂപ്, മെഡിക്കൽ കോളേജ് മെഡിക്കൻ സൂപ്രണ്ട് ഡോ. ശ്രീറാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ.


നിയന്ത്രണങ്ങൾ പിൻവലിച്ചു

പാലക്കാട്

ജില്ലയിൽ നിപാ ജാഗ്രതയുടെ ഭാഗമായി നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ച 18 വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. ജാഗ്രത മുൻനിർത്തി ആഗസ്ത് ഒന്നുവരെ ഈ വാർഡുകളിൽ പൊതുയോഗങ്ങൾ ഒഴിവാക്കി. മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കേണ്ടതാണ്. സമ്പ‍ര്‍ക്ക വിലക്കിന് നിർദേശിക്കപ്പെട്ടവർ അത് തുടരാനും കലക്ടർ അറിയിച്ചു.


മാസ്ക് ധരിക്കണം

പാലക്കാട്

നിപാ- പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകര്‍ നിയന്ത്രിത മേഖലകളിലെ വീടുകളിൽ പനി സർവേ പൂർത്തിയാക്കി. തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 435 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഞായറാഴ്‌ച നിപാ നിയന്ത്രണ സെല്ലിലേക്ക് 38 വിളികൾ വന്നു. ജില്ലാ മാനസികാരോഗ്യ വിഭാഗം 16 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കുമരംപുത്തൂർ, കാരാകുറുശി, കരിമ്പുഴ പഞ്ചായത്തുകളിലെയും മണ്ണാർക്കാട് ന​ഗരസഭയിലെയും നിയന്ത്രിത മേഖലകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. അനാവശ്യമായി ഒത്തുചേരൽ, യാത്ര എന്നിവ ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു. പനിയുള്ളവർ നിപാ കൺട്രോൾ റൂമിൽ വിളിച്ച് ഉപദേശം തേടിയ ശേഷമേ പരിശോധനയ്ക്കായി പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ എത്താവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിയന്ത്രണ മേഖലകളിലുള്ളവർക്ക്‌ ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ ഇ–--സഞ്ജീവനി വഴി ഓൺലൈനായി ലഭ്യമാക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ ജനറൽ ഒപി സേവനം ലഭ്യമാണ്. കൺട്രോൾ റൂം നമ്പർ: 04912504002, കൗൺസലിങ്: 7510905080.


നിയന്ത്രിത മേഖലയിലെ 
ദുർബല വിഭാഗങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റ്‌

ശ്രീകൃഷ്ണപുരം

ജില്ലയിലെ നിപാ നിയന്ത്രിത മേഖലകളിൽ കഴിയുന്ന ദുർബല വിഭാഗക്കാർക്ക്‌ (എവൈവൈ, പിഎച്ച്എച്ച് റേഷൻ കാർഡുകൾ) ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 72.94 ലക്ഷം രൂപ അനുവദിച്ചു. മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ നിയന്ത്രിത മേഖലയിലെ നിവാസികൾക്കാണ്‌ ഭക്ഷ്യക്കിറ്റ്‌ നൽകുക. കലക്‌ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു കുടുംബത്തിന് 1,856 രൂപയുടെ സാധനങ്ങളാണ്‌ വിതരണം ചെയ്യുക. 3,930 റേഷൻകാർഡ്‌ ഉടമകൾക്ക്‌ കിറ്റ് ലഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home