സമ്പർക്കപ്പട്ടികയിൽ 421 പേർ
രോഗലക്ഷണം: ഒരാൾക്ക് കൂടി നെഗറ്റീവ്

പാലക്കാട്
ജില്ലയിൽ നിപാ സമ്പർക്കപ്പട്ടികയിൽ 421 പേർ. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച വ്യക്തിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. പ്രാഥമിക പട്ടികയിലുള്ളതും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുമായ 17 പേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമ്പർക്ക വിലക്കിൽ ചികിത്സയിലാണ്. നേരത്തേ, സമ്പർക്ക വിലക്കിലിരുന്ന 12 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലയിലെ രണ്ടുപേർക്കാണ് നിപാ സ്ഥിരീകരിച്ചിരുന്നത്. ആദ്യം നിപാ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. കുമരംപുത്തൂർ സ്വദേശി മരണപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വെള്ളിയാഴ്‌ച 1,414 വീടുകളിൽ പനി സർവേ പൂർത്തിയാക്കി. ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ 51 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. നിയന്ത്രിത മേഖലയിലെ 1,514 കുടുംബങ്ങൾക്ക് റേഷൻ വിതരണം നേരിട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പെരിമ്പടാരി ജിഎൽപിഎസിൽ പ്രത്യേക ക്ലിനിക്കും ആരംഭിച്ചു.
വിദഗ്ധ സംഘം ജില്ലയിലെത്തി
പാലക്കാട്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ജില്ലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് ഡോ. കെ പി റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ആർ വിദ്യ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കാവ്യ കരുണാകരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽനിന്നും തെങ്കരയിൽനിന്നും രണ്ട് വവ്വാലുകളുടെ ജഡം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വവ്വാലുകളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. രോഗബാധയുള്ള പ്രദേശത്ത് വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ മൃഗങ്ങൾക്കിടയിൽ മറ്റു അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.









0 comments