സമ്പർക്കപ്പട്ടികയിൽ 426 പേർ

പാലക്കാട്
ജില്ലയിൽ നിപാ സമ്പർക്കപ്പട്ടികയിലുള്ളത് 426 പേർ. രോഗം സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കുമരംപുത്തൂർ സ്വദേശി മരിച്ചു. സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള രോഗിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17 പേർ സമ്പർക്കവിലക്കിൽ ചികിത്സയിലാണ്. നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച 1488 വീടുകൾ സന്ദർശിച്ച് പനി സർവേ പൂർത്തിയാക്കി. ജില്ലാ മാനസിക ആരോഗ്യ വിഭാഗം വ്യാഴാഴ്‌ച 82 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് 41 വിളികളെത്തി. കാരാകുറുശി പഞ്ചായത്തിൽനിന്ന് വവ്വാലിന്റെ ജഡം ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. നിയന്ത്രിത മേഖല പ്രഖ്യാപിച്ചശേഷം ആകെ 1,153 കുടുംബങ്ങൾക്ക് നേരിട്ട് റേഷൻ വിതരണം ചെയ്‌തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിയന്ത്രിത മേഖലകളിൽ അനാവശ്യമായി കൂട്ടംകൂടി നിൽക്കരുതെന്ന് പൊലീസ് അറിയിച്ചു. ഇവിടങ്ങളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തുകടക്കലും ഒഴിവാക്കാൻ കർശന നിരീക്ഷണവും പരിശോധനയും തുടരും. നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുമരംപുത്തൂരിൽ മരിച്ച നിപാ സ്ഥിരീകരിച്ച വ്യക്തിയുമായി ഏതെങ്കിലുംതരത്തിൽ സമ്പർക്കം വന്നവരും പുതുക്കിയ റൂട്ട് മാപ്പിലെ സ്ഥലത്ത് അതേ സമയം ഉണ്ടായിരുന്നവരും ഇക്കാര്യം നിപാ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം. നിപാ കൺട്രോൾ റൂമിൽ വിളിച്ച് വിദഗ്ധ ഉപദേശം തേടിയതിനുശേഷം മാത്രമേ നിപാ പരിശോധനയ്ക്കായി പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താവുയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. കൺട്രോൾ റൂം നമ്പർ: 0491 –-250 4002, കൗൺസലിങ് സേവനങ്ങൾക്ക്: 7510 90 50 80. നിയന്ത്രിത മേഖലകളിൽ താമസിക്കുന്നവർക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമെങ്കിൽ ഇ –- -സഞ്ജീവനി വഴി ഓൺലൈനായി ഡോക്ടറുടെ സേവനം ലഭിക്കും. നിയന്ത്രണം ലംഘിച്ചയാൾ അറസ്റ്റിൽ മണ്ണാർക്കാട് നിയന്ത്രിത മേഖലയിൽനിന്ന് പൊലീസിനെ കബളിപ്പിച്ച് പുറത്തുപോയി കടതുറന്നയാൾ അറസ്റ്റിൽ. ഒന്നാം മൈൽ സ്വദേശി ടോം ജോർജിനെയാണ് അറസ്‌റ്റ് ചെയ്‌തത്. അൽമ ആശുപത്രിക്കുസമീപത്തെ ചെക്ക് പോസ്റ്റിലുള്ള പൊലീസുകാരോട് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഇയാൾ പോയത്. എന്നാൽ മണ്ണാർക്കാട്ടുള്ള കടതുറന്നതായി പിന്നീട് കണ്ടെത്തി. തുടർന്നാണ് അറസ്റ്റ്. ഇയാളെ ജാമ്യത്തിൽ വിട്ടു.
മൃഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്
പാലക്കാട്
തച്ചനാട്ടുകരയിലെ നിപാ ബാധിത പ്രദേശത്തുനിന്ന് ശേഖരിച്ച മൃഗങ്ങളുടെ സ്രവ സാമ്പിളുകൾ എല്ലാം നെഗറ്റീവ്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ടീം ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലാണ് പരിശോധിച്ചത്. ആടുകൾ, പശുക്കൾ, നായകൾ, ചത്ത വവ്വാലുകൾ എന്നിയുടെ സ്രവങ്ങളാണ് പരിശോധിച്ചത്. വവ്വാലുകൾ ചത്തത് നിപാ വൈറസ് മൂലമാണെന്ന് പ്രചരിച്ചിരുന്നു. നിപാ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ വീടിനുസമീപമുള്ള മൃഗങ്ങളുടെ സാമ്പിളുകളും മൃഗസംരക്ഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്-ക് നിര്‍ബന്ധം
പാലക്കാട്
ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രിത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 26 (2), പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 42 (1) എന്നിവ പ്രകാരവുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ കലക്ടർ ഉത്തരവിട്ടത്. മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതു ഇടങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണം. നിയന്ത്രിത മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ജില്ലാ ഓഫീസ് മേധാവികൾ പരമാവധി ‘വർക്ക് ഫ്രം ഹോം' സൗകര്യം ഒരുക്കണം. "വർക്ക് ഫ്രം ഹോം' സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതായും മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. നിയന്ത്രിത മേഖലയിലെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്കും പുറത്തുപഠിക്കുന്നവർക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ ഓൺലൈൻ ക്ലാസ് സൗകര്യം നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ട്.
ഡ്രോൺ നിരീക്ഷണം കർശനമാക്കി
മണ്ണാർക്കാട്
മണ്ണാർക്കാട് താലൂക്കിൽ മൂന്നാമതും നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡ്രോണുപയോഗിച്ചുള്ള നിരീക്ഷണമാരംഭിച്ചു. നിയന്ത്രിത മേഖലയിൽ ആളുകൾ വ്യാപകമായി പുറത്തിറങ്ങുന്നുവെന്ന പരാതിയെത്തുടർന്നാണിത്. ചങ്ങലീരി, പെരിമ്പടാരി ഭാഗങ്ങളിലാണ് നിരീക്ഷണം നടത്തിയത്. സമീപ പഞ്ചായത്തുകളായ കാഞ്ഞിരപ്പുഴ, തെങ്കര, തച്ചമ്പാറ, കോട്ടോപ്പാടം, അലനല്ലൂർ എന്നിവിടങ്ങളിലും കരുതൽ പ്രവർത്തനം ശക്തമാക്കി.









0 comments