നായ്‌ക്കളുടെ സ്രവം ശേഖരിച്ചു

പാലക്കാട്
നിപാ സ്ഥിരീകരിച്ച മണ്ണാർക്കാട് കുമരംപുത്തൂർ പഞ്ചായത്തിലെ രണ്ട് നായ്‌ക്കളുടെ സ്രവം പരിശോധനയ്‌ക്കായി ശേഖരിച്ചു. നായ്‌ക്കൾക്ക് കഴിഞ്ഞ രണ്ടുദിവസമായി ദേഹാസ്വാസ്ഥ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നടപടി. ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 392 ആയി കുറഞ്ഞു. നിപാ നിയന്ത്രണവിധേയമായതോടെ സമ്പർക്ക വിലക്കേർപ്പെടുത്തിയ വാർഡുകളിലെ കർശന നിയന്ത്രണം കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. എന്നാൽ ജാഗ്രത കണക്കിലെടുത്ത് വാർഡുകളിൽ ആഗസ്ത് രണ്ടുവരെ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണമുണ്ട്. മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. നിലവിൽ സമ്പർക്ക വിലക്കേർപ്പെടുത്തിയവർ അറിയിപ്പ് ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരണമെന്നും കലക്ടർ അറിയിച്ചു. നിപാ സ്ഥിരീകരിച്ച മണ്ണാർക്കാട് സ്വദേശിനി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുന്നു. രണ്ടാമത് രോഗബാധിതനായ മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശി മരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മാനസികാരോഗ്യ വിഭാഗം ചൊവ്വാഴ്‌ച 33 പേർക്ക് ഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് 12 ഫോൺ കോളുകളെത്തി.









0 comments