നിപാ പ്രതിരോധ മരുന്ന്
കൂടുതല്‍ പരീക്ഷണം അടുത്ത ഘട്ടം


സ്വന്തം ലേഖകൻ
Published on Aug 09, 2025, 01:00 AM | 1 min read
പാലക്കാട്
നിപാ പ്രതിരോധത്തിന് സഹായകമാകുമെന്ന് കരുതുന്ന മരുന്നില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഗവേഷണവും പരീക്ഷണങ്ങളും തുടരും. പാലക്കാട് ഐഐടിയിലെ ഗവേഷകരാണ് നിര്‍ണായക വഴിത്തിരിവിന് ഇടയാക്കുന്ന മരുന്ന് കണ്ടുപിടിച്ചതായി ശാസ്ത്ര ലോകത്തെ അറിയിച്ചത്. ഇതിന്റെ തുടര്‍ ഗവേഷണം പ്രാരംഭഘട്ടത്തിലാണ്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമേ ഇവ എത്രത്തോളം മനുഷ്യരില്‍ ഫലപ്രദമാകുമെന്ന് തെളിയുകയുള്ളു. ഐഐടി ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിലെ ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴി, പ്രൊഫ. ജഗദീഷ് ബെയ്റി എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റിസ് ഫോർ എക്സ്പെരിമെന്റൽ ഫോർ ബയോളജി(എഫ്എഎസ്ഇബി) ജേർണലിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പനി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും ഉപയോഗിക്കുന്ന സസ്യജന്യ സംയുക്തങ്ങളായ ആൻഡ്രോഗ്രാഫലൈയിഡ്, സ്റ്റിഗ്മാസ്റ്റിറോൺ എന്നിവയടങ്ങിയ മരുന്ന് നിപാ പ്രതിരോധത്തിന് അത്യുത്തമമെന്ന് ലേഖനം പറയുന്നു. ഇവ വളരെ ചെലവ് കുറഞ്ഞതും പൂർണസുരക്ഷിതവുമെന്നുമാണ് അവകാശപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധശേഷി വർധിപ്പിച്ച് വൈറസിനെ അതിജീവിക്കുന്നതാണ് നിലവിൽ നിപാ വൈറസിനെതിരായ ചികിത്സാരീതി. ഇതിനായി റിംഡിസിവിർ, റിബാവിറിൻ, ഫാവിപിരാവിർ എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇവയേക്കാൾ ഫലവത്താണ് ഇപ്പോൾ കണ്ടുപിടിച്ച നാനോമരുന്ന് ഉപയോഗിച്ച ചികിത്സ. നിപാ രോഗകാരികളായ വൈറസിനെ ഇല്ലാതാക്കുന്ന രീതിയിലാണ് പുതിയ മരുന്ന് പ്രവർത്തിക്കുക. ഇതിനായി ജനിതക ഘടനയിൽ അടങ്ങിയ ‘ഫോസ്ഫോപ്രോട്ടീൻ', ആർഎൻഎ-ഡിപെൻഡന്റ്, ആർഎൻഎ പോളിമറേസ് എന്നീ രാസ സംയുക്തങ്ങളെ നശിപ്പിച്ച് രോഗാണുക്കളെ കൊല്ലുന്നതാണ് രീതി. ഇതുകൂടാതെ വിനാശകാരികളായ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്താനാവശ്യമായ ചെലവ് കുറഞ്ഞ റാപിഡ് ടെസ്റ്റിങ് ഇന്നൊവേറ്റീവ് ലാബുകളുടെ നിർമാണവും ഐഐടിയിൽ പുരോഗമിക്കുന്നു.









0 comments