സമ്പർക്കപട്ടികയിൽ 385 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2025, 12:00 AM | 2 min read

പാലക്കാട്

നിപാ ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ മകനും മഞ്ചേരി മെഡിക്കൽ കോളേജിലെ സ്രവ പരിശോധനാഫലം പോസിറ്റീവായതോടെ ജില്ലയിൽ കടുത്ത ജാഗ്രത. ജില്ലയിൽ 385 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. അതിൽ 178 പേർ തച്ചനാട്ടുകര സ്വദേശിനിയുടേതും 207 പേർ കുമരംപുത്തൂർ സ്വദേശിയുടേതുമാണ്. നിലവിൽ പാലക്കാട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒമ്പതുപേർ ഏകാന്ത നിരീക്ഷണത്തിലുണ്ട്‌. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബുധനാഴ്‌ച 1568 വീടുകൾ സന്ദർശിച്ച്‌ പനി സർവേ പൂർത്തിയാക്കി. ജില്ലാ മാനസിക ആരോഗ്യ വിഭാഗം ബുധനാഴ്ച 51 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് 42 വിളിയെത്തി.


150 വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചു

പാലക്കാട്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘം 150 വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ച്‌ പുണെയിലേക്ക് പരിശോധനയ്‌ക്കയച്ചു. ജില്ലാ മൃഗ നിരീക്ഷണ സംഘവും മണ്ണാർക്കാട് ആർആർടിയും കുമരംപുത്തൂരിലെ നിപാ പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്ററിനുള്ളിലെ ഒമ്പത്‌ കന്നുകാലികൾ, ഏഴ്‌ ആടുകൾ, ഒരു നായ എന്നിവയിൽനിന്ന് സാമ്പിൾ ശേഖരിച്ചു. നിപാ രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചുപൂട്ടൽ മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ വകുപ്പുതല ഏകോപനയോഗം ചേർന്നു. നിയന്ത്രിത മേഖല പ്രഖ്യാപിച്ചശേഷം ആകെ 872 കുടുംബങ്ങൾക്ക് റേഷൻ വിതരണം നേരിട്ട് നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കുമരംപുത്തൂർ, കാരാകുറുശി, കരിമ്പുഴ പഞ്ചായത്തുകളിലെയും മണ്ണാർക്കാട് നഗരസഭയിലെ നിയന്ത്രിത മേഖലയിലെ വാർഡുകളിലുള്ളവർ നിർബന്ധമായും മാസ്ക്‌ ധരിക്കണമെന്ന്‌ നിർദേശമുണ്ട്‌. അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്‌. ഈ വാർഡുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും പരിശോധിക്കാൻ പൊലീസിന്റെ സേവനവും ഉറപ്പാക്കി. കൺട്രോൾ റൂമിൽ വിളിച്ച് വിദഗ്ധ ഉപദേശം തേടിയശേഷം മാത്രമേ നിപാ പരിശോധനയ്ക്കായി പാലക്കാട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്താവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.


നിയന്ത്രിത മേഖലയിൽനിന്ന്‌ പുറത്തുകടക്കൽ; 
യുവാവിനെതിരെ കേസെടുത്തു

മണ്ണാർക്കാട്

നിയന്ത്രിത മേഖലയിൽനിന്ന്‌ പുറത്തുകടക്കാൻ ശ്രമിക്കുകയും പൊലീസിനെതിരെ തട്ടിക്കയറുകയും ചെയ്‌ത യുവാവിനെതിരെ കേസെടുത്തു. കുമരംപുത്തൂർ ഒന്നാംമൈൽ സ്വദേശി ഉമ്മർ ഫാറൂഖിനെതിരെയാണ്‌ കേസെടുത്തത്‌. ബുധൻ രാവിലെ പത്തിന്‌ പെരുമ്പടാരി അൽമ ജങ്‌ഷനിലാണ്‌ സംഭവം. നിയന്ത്രിത മേഖലയിൽനിന്ന്‌ ബൈക്കിൽ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ്‌ തടഞ്ഞതോടെ വാക്കേറ്റമുണ്ടായി. പൊലീസിനെ ആക്രമിക്കാനും പ്രതി ശ്രമിച്ചു.


കൺട്രോൾ റൂം നമ്പർ: 04912504002 കൗൺസലിങ്‌ സേവനങ്ങൾക്ക്: 7510905080 നിയന്ത്രിത മേഖലകളിൽ താമസിക്കുന്നവർക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമായി വരുന്ന പക്ഷം ഇ -സഞ്ജീവനി വഴി ഓൺലൈനായി ഡോക്ടറെ കാണാം. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ജനറൽ ഓഫീസ് സേവനം ലഭ്യമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home