പാട്ടൊഴുകുന്നു ഇൗണം മുറിയാതെ

സായൂജ് ചന്ദ്രൻ
Published on Oct 07, 2025, 12:01 AM | 1 min read
പാലക്കാട്
പ്ലംബിങ് ജോലിക്കിടയിലും നാടൻപാട്ടിന്റെ ഇൗണവും വായ്‌ത്താരികളുമാണ് ദിപുവിന്റെ മനസ്സുനിറയെ. ജില്ലയിലെ പ്രസിദ്ധ നാടൻപാട്ട് സംഘമായ കാവേറ്റത്തിന്റെ പ്രധാന പാട്ടുകാരനാണ് ദിപു പല്ലശന.
ജോലിക്കിടയിലെ ഒഴിവുസമയങ്ങളും വീട്ടിലെ വിശ്രമവേളകളിലുമാണ് പരിശീലനം. വായ്‌മൊഴിപ്പാട്ടുകൾ, വരമൊഴിപ്പാട്ടുകൾ, അനുഷ്‌ഠാനപ്പാട്ടുകൾ, തൊഴിൽപ്പാട്ടുകൾ, കൃഷിപ്പാട്ടുകൾ എന്നിങ്ങനെ നാടൻപാട്ടിന്റെ വ്യത്യസ്ത മേഖലകൾ ദിപുവിന് പ്രിയപ്പെട്ടതാണ്.
സ്കൂൾ കലോത്സവങ്ങളാണ് കലാരംഗത്തേക്ക് എത്തിച്ചത്. അക്കാലത്ത് നാടൻപാട്ടിനൊപ്പം ഭക്തിഗാനവും മാപ്പിളപ്പാട്ടും ഒപ്പം ചേർത്തു. 2008ൽ പല്ലശനയിൽ നടന്ന കേരളോത്സവമാണ് ജീവിതത്തിൽ വഴിത്തിരിവായത്. വല്യച്ഛന്റെ മകൻ അരവിന്ദാക്ഷൻ നാടൻപാട്ട്, മാപ്പിളപ്പാട്ട്, ലളിതഗാന മത്സരങ്ങളിൽ പേരുനൽകിയെങ്കിലും പങ്കെടുക്കാൻ സാധിച്ചില്ല. അരവിന്ദാക്ഷന്റെ നിർബന്ധപ്രകാരം പകരക്കാനായി ദിപു മത്സരത്തിൽ പങ്കെടുത്തു.
എല്ലാവരെയും അത്ഭുതപ്പെടുത്തി അന്ന് എല്ലാ മത്സരങ്ങളിലും വിജയിച്ചു. എന്നാൽ, സംസ്ഥാന മത്സരത്തിലെ തോൽവി വിഷമിപ്പിച്ചു. പിന്നീട് പാട്ടുകളിൽനിന്ന് മാറിനിന്നു. മത്സരവേദിയിൽനിന്ന് പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശിനി സുശീലയാണ് പ്രൊഫ. ചന്ദ്രൻ നേതൃത്വം നൽകുന്ന കാവേറ്റം നാടൻ പഠന ഗവേഷണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം നൽകുന്നത്. തുടർന്ന്, നടന്ന സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. ദിപുവിന്റെ നാടൻപാട്ടിനോടുള്ള അതിയായ താൽപ്പര്യവും കഴിവും മനസ്സിലാക്കിയ ചന്ദ്രൻ സംഘത്തിലേക്കുള്ള വാതിൽ തുറന്നുകൊടുത്തു.
പിൻപാട്ടുകാരനായാണ് തുടങ്ങിയതെങ്കിലും വൈകാതെ പ്രധാന പാട്ടുകാരനിലേക്ക് വളർന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നാട്ടിൽ പ്ലംബിങ് ജോലി തുടങ്ങിയെങ്കിലും ഇന്നും നാടൻപാട്ട് രംഗത്ത് സജീവമായി തുടരുന്നു.
തന്റെ നാട്ടിലെ പാട്ടുകാരായ കുട്ടികളെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ദിപു പറയുന്നു. പരേതനായ പൊന്നുവിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ഷെെനി. മക്കൾ: ദിവിൻ, ദേവിക.









0 comments