നാടിന്റെ നാടക ‘കലവറ’

കൂറ്റനാട് വട്ടേനാട്ടിലെ ‘കലവറ’
സായൂജ് ചന്ദ്രൻ
Published on Mar 27, 2025, 02:00 AM | 1 min read
പാലക്കാട്
നാടകങ്ങളെ നെഞ്ചേറ്റി കൂറ്റനാട് വട്ടേനാട്ടിലെ ‘കലവറ’. ദിവസവും നാടകപരിശീലനവും മാസത്തിൽ ഒരുദിവസത്തെ രംഗാവതരണവുമായി അരങ്ങിനെ നിരന്തരം സജീവമാക്കുകയാണ് ഈ കലയിടം. റിട്ട. ഹിന്ദി അധ്യാപകൻ സി എസ് ഗോപാലനാണ് കൂട്ടായ്‌മക്ക് ജീവൻ നൽകിയത്. ഇതിനായി വട്ടേനാട് പാടശേഖരത്തിനോട് ചേർന്ന് സ്ഥലവും കണ്ടെത്തി. വട്ടേനാട് സ്കൂൾ അധ്യാപകനായിരുന്ന രഘുനാഥനും നാട്ടിലെ ആദ്യകാല നാടക സംഘമായ ‘റിഥം’ അംഗങ്ങളും പിന്തുണയേകി. 2019 മെയിലാണ് സംഘം രൂപപ്പെടുന്നത്. ആദ്യം നാടകത്തെക്കുറിച്ച് സംസാരിക്കുന്ന ഇടം മാത്രമായിരുന്നെങ്കിലും പിന്നീട് നാടിന്റെ കലാ–-സാംസ്കാരിക കേന്ദ്രമായും കുട്ടികളുടെ ബദൽ സ്കൂളായും മാറി. വട്ടേനാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ നാടകസംഘം ‘കളിക്കൂട്ട’വും ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തീയറ്ററും തുടക്കം മുതൽ സംഘത്തിന് ശക്തി പകർന്നു. കലവറയിൽ പരിശീലിക്കുന്ന നാടകങ്ങൾ മാസത്തിൽ ഒരു ദിവസമാണ് അവതരിപ്പിക്കുന്നത്. ഇത് കാണാൻ ദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകളെത്തുന്നു. ‘കലവറ’യിൽ ഉടലെടുത്ത നിരവധി നാടകങ്ങൾ കേരളത്തിനകത്തും പുറത്തും അവതരിപ്പിക്കുന്നു. നൃത്തം, നാടൻപാട്ടുകളുടെയും വിവിധ സംഗീത ഉപകരണങ്ങളുടെ അവതരണം എന്നിവയുമുണ്ട്. ആഴ്‌ചയിൽ ഒരുദിവസം കുട്ടികൾക്ക് സംഗീതം, ചിത്രംവര ക്ലാസുമുണ്ട്. എല്ലാ വർഷവും നാട്ടിലെ കുട്ടികൾ അവധിക്കാലം ആഘോഷിക്കുന്നത് കലവറയിലാണ്. സമീപത്തെ രണ്ടേക്കർ സ്ഥലത്തെ നെല്ല്, പച്ചക്കറി കൃഷികളുടെ പ്രധാന നോട്ടക്കാരാണ് അവർ. പറമ്പിലെ നീന്തൽക്കുളത്തിൽനിന്ന് 650 കുട്ടികളാണ് കഴിഞ്ഞവർഷങ്ങളിൽ നീന്തൽ പഠിച്ചത്. അവധിക്കാലത്ത് കുട്ടികൾക്കായി സംവിധായകൻ അരുൺലാലിന്റെ നേതൃത്വത്തിൽ നാടക ക്യാമ്പും നടത്തും. എം രഘുനാഥൻ, കെ ജിഷ്ണു എന്നിവർ ഭാരവാഹികളായി 21 അംഗ ഭരണസമിതിയാണ് നടത്തിപ്പ്.









0 comments