അറിയാം, നമ്മുടെ കലകളെ

പി കെ സുമേഷ്
പട്ടാമ്പി
ഇന്ത്യയിലെ കലാരൂപങ്ങൾ ആസ്വദിച്ചും അടുത്തറിഞ്ഞും വിദ്യാർഥികൾ. ‘സ്പിക്മാകെ’ കേരള ചാപ്റ്റർ ആഭിമുഖ്യത്തിലാണ് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്നത്. പട്ടാമ്പി ഉപജില്ലയിലെ 40 വിദ്യാലയങ്ങളിൽ ഇതിനകം ഇൗ നൃത്തരൂപങ്ങളുടെ അവതരണവും ചർച്ചയുമുണ്ടായി. ബാക്കിയുള്ള 33 എണ്ണത്തിലും ഈ വർഷം പരിപാടികൾ അവതരിപ്പിക്കും. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ സഹകരണത്തോടെയാണ് വിദ്യാലയങ്ങളിലെ വേദികൾ. സംഗീത ചാറ്റർജി(കഥക് ), ശിവരഞ്ജിനി ഹരീഷ് (ഭരതനാട്യം), കലാമണ്ഡലം വേണി (മോഹിനിയാട്ടം), രശ്മി ആർ ചൊവ്വല്ലൂർ(കുച്ചിപ്പുടി) എന്നിവരാണ് കലാകാരികൾ. കഥക് കേന്ദ്ര ഉപദേശകസമിതി അംഗമാണ് സംഗീത ചാറ്റർജി. കേന്ദ്ര സർക്കാരിന്റെ എച്ച്ആർഡി സ്കോളർഷിപ്പ്, കർണാടക സർക്കാർ സ്കോളർഷിപ്പ് എന്നിവ ലഭിച്ചു. 36 വർഷമായി ഭരതനാട്യരംഗത്തുണ്ട് ബംഗളൂരു സ്വദേശിനി ശിവരഞ്ജിനി ഹരീഷ്. ആഗോളതലത്തിൽ ഇന്ത്യയുടെ സാസ്കാരിക അംബാസഡറാണ്. കാലടി സംസ്കൃത സർവകലാശാലയിലെ മോഹിനിയാട്ട വിഭാഗം അധ്യാപികയാണ് വേണി. കുച്ചിപ്പുടിയിൽ 15 വർഷമായി സാന്നിധ്യമാണ് രശ്‌മി. 2024ൽ നംഗനല്ലൂർ സഭയിൽനിന്ന‍് കുച്ചിപ്പുടി ബെസ്റ്റ് ഡാൻസർ പുരസ്കാരംനേടി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനുകീഴിൽ ഡൽഹി ആസ്ഥാനമായാണ് സ്പിക്മാകെ പ്രവർത്തനം. 1977ൽ ഐഐടിയിൽനിന്ന് വിരമിച്ച ഡോ. കിരൺ സേദിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് രൂപീകരിച്ച സംഘടനയാണിത്. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശാസ്‌ത്രീയകലകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി വിഷൻ– 2030 എന്ന പദ്ധതി രൂപീകരിച്ചു. കേരള ചാപ്റ്റർ കോ-–ഓർഡിനേറ്റർ ഉണ്ണി വാര്യർ, സുരേഷ് പൊറ്റേക്കാട്, തടം പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.









0 comments