കപ്പടിച്ച് കപ്പിത്താനുശിര്

സായൂജ് ചന്ദ്രൻ
Published on Sep 27, 2025, 12:00 AM | 1 min read
പാലക്കാട്
സുബ്രതോ ഫുട്‌ബോൾ കിരീടം ആദ്യമായി കേരളത്തിലെത്തുന്പോൾ പാലക്കാടിനും അഭിമാനമേറെ. പട്ടാമ്പി കൊടുമുണ്ട മേലേ പീടികയിലെ മുഹമ്മദ് ജാസിം അലിയാണ് ഫൈനലിൽ ഉത്തരാഖണ്ഡ് അമിനിറ്റി സിബിഎസ്‌ഇ പബ്ലിക് സ്‌കൂളിനെ തോൽപ്പിച്ച ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ ടീമിന്റെ ക്യാപ്‌റ്റൻ. ജാസിം നായകനായ അണ്ടർ 17 സംഘം നിഷ്‌പ്രയാസമാണ് കപ്പ് കൈക്കലാക്കിയത്. രണ്ട് ഗോളുകൾക്കാണ് കലാശക്കളിയിലെ വിജയം. ഗ്രൂപ്പ് മത്സരങ്ങളിലും വാശിയേറിയ ക്വാർട്ടർ, സെമിഫൈനൽ എന്നിവയിലും ടീമിന് കരുത്തുപകരാൻ ജാസിമിനായി. വളരെ ചെറുപ്പത്തിലേ, ജാസിമിന് ഫുട്‌ബോൾ പ്രിയപ്പെട്ടതായിരുന്നു. കളിയിലെ മികവ് മനസ്സിലാക്കിയ കുടുംബം കൂടുതൽ പ്രോത്സാഹനം നൽകി. പത്താംവയസ്സിൽ കൊപ്പം ആൾട്ടിയസ് അക്കാദമിയിലെ പരിശീലനമാണ് പ്രൊഫഷണൽ മത്സരങ്ങളിലേക്ക് വഴിതെളിച്ചത്. അക്കാദമിയിലെ ഷംനാസ്, ശ്രീജിത്ത്, സലാഹുദ്ദീൻ തുടങ്ങിയ പരിശീലകരുടെ നേതൃപാടവം കരുത്തായി. 2024ൽ ആദ്യമായി ജില്ലാ ടീം ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞു. തിരുവനന്തപുരത്തുനടന്ന സെലക്ഷൻ ക്യാമ്പിലെ മിന്നും പ്രകടനത്തിലൂടെ സംസ്ഥാന ടീമിലെത്തി. ഛത്തീസ്‌ഗഢിൽ അരങ്ങേറിയ ബി സി റോയ് ചാമ്പ്യൻഷിപ്പിൽ സെന്റർ ബാക്ക് കളിക്കാരനായ പുത്തൻ താരോദയത്തെ രാജ്യമൊട്ടാകെ അറിഞ്ഞു. അന്ന് കളി നേരിട്ട് കാണാനിടയായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്‌ബോൾ പരിശീലകൻ വി പി സുനീറാണ് സ്കൂൾ ടീമിലേക്ക് ക്ഷണിച്ചത്. നേതൃത്വഗുണം മനസ്സിലാക്കി ക്യാപ്റ്റൻ സ്ഥാനവും ഏൽപ്പിച്ചു. സുനീറിന്റെ തന്ത്രങ്ങൾ കൃത്യമായി ടീമിലേക്ക് പകരാൻ ജാസിമിന് കഴിഞ്ഞു. പട്ടാമ്പി പുതിയറോഡ് സ്വദേശിയായ മുഹമ്മദ് സൽമാനും വിജയത്തിന് തിളക്കംകൂട്ടി. ചാമ്പ്യൻ പട്ടവും ക്യാപ്റ്റൻ സ്ഥാനവും ഒരിക്കലും അലങ്കാരമാക്കില്ലെന്നും വിജയം തുടക്കം മാത്രമാണെന്നും ഇന്ത്യൻ ജഴ്‌സിയാണ് ലക്ഷ്യമെന്നും ജാസിം പറഞ്ഞു. ഫാറൂഖ് എച്ച്‌എസ്‌എസിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ജാഫർ അലി –റുഖിയ ദമ്പതികളുടെ മകനാണ്.








0 comments