ഇന്ന് കൊടിയേറ്റം
വരവായി രഥോത്സവം

പാലക്കാട്
കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇൗണവും ആഘോഷത്തിന് അകമ്പടിയാകും. ഭേദങ്ങളില്ലാതെ ഒരുമയുടെ ഉത്സവത്തിന് തുടക്കംകുറിച്ച് കൽപ്പാത്തി രഥോത്സവത്തിന് നാല് ക്ഷേത്രങ്ങളിലും ശനിയാഴ്ച കൊടിയേറും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പകൽ 10.15നും 12.10നും ഇടയ്ക്കാണ് കൊടിയേറ്റം. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും വൈകിട്ട് അലങ്കാരവും രാത്രി എഴുന്നള്ളത്തും നടക്കും. രഥോത്സവത്തിന് കൊടിയേറിക്കഴിഞ്ഞാൽ ഗ്രാമവീഥിയിൽ അഞ്ചാംദിനം അർധരാത്രിയിൽ നടക്കുന്ന ദേവതാ സംഗമം സവിശേഷമാണ്. 12നാണ് അഞ്ചാംതിരുനാൾ ആഘോഷം. ക്ഷേത്രങ്ങളിൽനിന്നുള്ള അലങ്കരിച്ച അഞ്ച് ചെറുരഥങ്ങളിൽ ഗ്രാമ വീഥികളിലൂടെ സഞ്ചരിച്ച് പുതിയ കൽപ്പാത്തി ജങ്ഷനിൽ രാത്രി 11.30 മുതൽ 12.30 വരെ സംഗമിക്കും. ദേവതാസംഗമസ്ഥാനത്ത് അനേകം വാദകർ അണിനിരക്കുന്ന നാഗസ്വര തവിൽ വാദനവും കലാകാരന്മാരുടെ ചെണ്ടമേളവും അരങ്ങേറും. രഥാരൂഢരായ ദേവതകളുടെ സംഗമസ്ഥാനത്ത് ഭക്തജനങ്ങളെത്തി രഥങ്ങളെ വലംവച്ച് ദേവതകളെ പ്രാർഥിക്കുന്നത് പ്രധാന ആരാധനാക്രമമാണ്. പാലക്കാട്ടെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യ ഉത്സവംകൂടിയാണ് രഥോത്സവം. തമിഴ്‌നാട്ടിൽനിന്നടക്കമുള്ളവർ വഴിയോരക്കച്ചവടം ലക്ഷ്യമിട്ട് കൽപ്പാത്തിയിലേക്ക് എത്തിത്തുടങ്ങി. നിരത്തുകളും ജനനിബിഡമായി. 14,15, 16 തീയതികളിലാണ് രഥോത്സവം. കൽപ്പാത്തി രഥോത്സവത്തോടെ ജില്ലയിലെ അഗ്രഹാരക്ഷേത്രങ്ങളിൽ ആറുമാസം നീളുന്ന രഥോത്സവങ്ങൾക്ക് തുടക്കമാകും.
കൽപ്പാത്തിയിൽ ദേശീയ സംഗീതോത്സവം നാളെ ആരംഭിക്കും
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം ഞായറാഴ്ച ആരംഭിക്കും. ആർ മാണി നഗറിലാണ് പരിപാടി നടക്കുന്നത്. 13നാണ് സമാപനം.









0 comments