3 മിനിറ്റിൽ വിവാഹ സർട്ടിഫിക്കറ്റ്
കെ –-സ്‌മാർട്ട് സൂപ്പർ

അശ്വിനും ആരഭിയും പല്ലശന പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ കെ അനന്തകൃഷ്ണനിൽനിന്ന് വിവാഹ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
സായൂജ് ചന്ദ്രൻ
Published on Apr 16, 2025, 02:00 AM | 1 min read
പാലക്കാട്
ഓഫീസിൽ കയറിയിറങ്ങിയില്ല, ദിവസങ്ങളുടെ കാത്തിരിപ്പില്ല, നിമിഷങ്ങൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് റെഡി. കെ–- സ്മാർട്ടിലൂടെ വിവാഹം രജിസ്റ്റർ ചെയ്ത് മിനിറ്റുകൾക്കകം സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ് നവദമ്പതികളായ അശ്വിനും ആരഭിക്കും. കഴിഞ്ഞ വ്യഴാഴ്‌ചയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനായി പല്ലശന പഞ്ചായത്തിൽ എത്തിയത്. പഞ്ചായത്ത് അധികൃതർ മൂന്ന് മിനിറ്റിൽ നടപടി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈമാറി. സ്ഥിരംസമിതി ചെയർമാൻ കെ അനന്തകൃഷ്ണനിൽനിന്നാണ് ഇരുവരും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. സാധാരണ മൂന്ന് ദിവസമാണ് സർട്ടിഫിക്കറ്റ് ലഭിക്കാനെടുക്കുക. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൽ മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎം) വഴിയാണ് രജിസ്റ്റർ ചെയ്തിരുന്നത്. അക്ഷയ മുഖേന അപേക്ഷ നൽകിയശേഷം പഞ്ചായത്തിലെത്തി രജിസ്റ്ററിൽ ഒപ്പിട്ടാലേ കിട്ടൂ. എന്നാൽ കെ–- സ്മാർട്ട് ആപ്ലിക്കേഷൻ വന്നശേഷം എല്ലാം എളുപ്പമായി. ലോഗ് ഇൻ ഐഡിയിലൂടെ ആപ്പിൽ പ്രവേശിച്ച് വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ വാട്സ്‌ആപ്പിൽ മിനിറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ജനന, മരണ രജിസ്ട്രേഷനുകൾ, കെട്ടിട നിർമാണ പെർമിറ്റ്, വസ്‌തുനികുതി, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസ്, മറ്റ് സാക്ഷ്യപത്രങ്ങൾ, ആനുകൂല്യങ്ങൾ, പരാതി പരിഹാരം എന്നിങ്ങനെ ഉപഭോക്താക്കളുടെ ഇരുന്നൂറിലധികം ആവശ്യം കെ –-സ്മാർട്ടിലൂടെ പരിഹരിക്കാം. ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനോടകം കെ–-സ്മാർട്ട് തുടങ്ങി. പൂർണമായും കടലാസ് രഹിതമായാണ് പ്രവർത്തനം. ഉപഭോക്താക്കളെയും നടപടികളിൽ പങ്കാളിയാക്കി സേവനം മെച്ചപ്പെട്ടതാക്കുന്നു. ജിയോ മാപ്പിങ് സംവിധാനവും കെ –-സ്‌മാർട്ടിലൂടെ നടപ്പാക്കുന്നു. വിവരങ്ങൾ സൂക്ഷിക്കാനും ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാനുമുള്ള മികച്ച സംവിധാനംകൂടിയാണ് കെ–- സ്മാർട്ട്.









0 comments