ജൂനിയർ അത്ലറ്റിക് മീറ്റ്
ഒളിമ്പിക് മുന്നിൽ

പാലക്കാട്
ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് കുതിക്കുന്നു. 81 പോയിന്റോടെയാണ് കുതിപ്പ്. പാലക്കാട് ടീം ഷുവർ അത്ലറ്റിക് ക്ലബ്ബാണ് തൊട്ടുപിന്നിൽ. 40 പോയിന്റ്. 33 പോയിന്റ് നേടി മുട്ടിക്കുളങ്ങര ക്യാപ് അത്ലറ്റിക് അക്കാദമി പിന്നാലെയുണ്ട്. പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെള്ളിയാഴ്ചയാണ് മത്സരങ്ങൾ തുടങ്ങിയത്. രാവിലെ എട്ടിന് ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് കെ സി കെ സെയ്താലി പതാക ഉയർത്തി. 70 ക്ലബ്, സ്ഥാപനങ്ങളിൽനിന്ന് 1,100 മത്സരാർഥികൾ പങ്കെടുക്കുന്നു. അണ്ടർ 20, 18, 16, 14 വിഭാഗങ്ങളിലാണ് മത്സരം. 124 ഇനങ്ങൾ. ഹൈജമ്പ്, ലോങ് ജമ്പ്, ഷോട്ട്പുട്ട്, ജാവലിൻത്രോ, 100 മീറ്റർ, 400 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ ഓട്ടം, 400 മീറ്റർ റിലേ, 1600 മീറ്റർ മിക്സഡ് റിലേ എന്നീ മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു. ലോങ് ജമ്പ്, ഡിസ്കസ് ത്രോ, ഷോർട്ട് പുട്ട്, 800 മീറ്റർ റിലേ, ഹാമർ ത്രോ തുടങ്ങിയ മത്സരങ്ങൾ ശനിയാഴ്ച നടക്കും.









0 comments