മൺമറഞ്ഞ ഉപകരണങ്ങളുടെ വലിയ ശേഖരം

തട്ടുനിറയെ താളവുമായി ജനാർദനൻ പുതുശേരി

Janardhanan Pudushery with brown rhythm
avatar
സായൂജ്‌ ചന്ദ്രൻ

Published on Sep 23, 2025, 12:08 AM | 1 min read

പാലക്കാട്‌

പഴമയുടെ ഓർമകളെ ചേർത്തുപിടിക്കുന്ന പുരാവസ്‌തു ശേഖരമാണ്‌ നാടൻപാട്ട്‌ കലാകാരനായ ജനാർദനൻ പുതുശേരിയുടെ വീട്‌. നാട്ടിൽ അന്യംനിന്ന കലാ, സാംസ്കാരിക, കാർഷിക മേഖലയിലെ വിവിധ സംഗീത, കാർഷിക ഉപകരണങ്ങളാണ്‌ വീടിന്റെ ടറസിൽ സൂക്ഷിച്ചിരിക്കുന്നത്‌. പഴയ കാഴ്‌ചകളെ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം. കരി, നുകം, ചവിട്ടി, വള്ളക്കോൽ, ജലചക്രം, കടപ്പാറ, വാളമുട്ടി, ഇ‍ൗർച്ച തുടങ്ങിയ കാർഷിക ഉപകരണങ്ങൾ, നെല്ല്‌ സൂക്ഷിക്കുന്ന കുണ്ട്‌ളി, വീടുകളുടെ നിലം പൂശുന്ന കാറക്കല്ല്‌, കുട്ട, വട്ടി, ഓലക്കുട, ഒറ്റാൽ, മുടിയങ്കോൽ എന്നിങ്ങനെ നിരവധി പുരാവസ്‌തുക്കൾ ശേഖരത്തിലുണ്ട്‌. കൂടാതെ ഉടുക്ക്‌, പുള്ളോർക്കുടം, നന്തുണി, ഓണവില്ല്‌, തപ്പ്‌, തപ്പട്ട, ചുരക്ക വീണ എന്നിങ്ങനെ നാൽപ്പതോളം തനത്‌ വാദ്യോപകരണങ്ങളും പ്രദർശനത്തിന്‌ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ആദിവാസി ഉ‍ൗരുകളുൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ്‌ വസ്‌തുക്കൾ ശേഖരിച്ചത്‌. പുരാതന വസ്‌തുക്കളുടെ ശേഖരം കൂടാതെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പാട്ടുകളും കണ്ടെത്തി. നേരത്തെ എറണാകുളത്തും ചെന്നൈയിലുമായി വിശാലമായ പ്രദർശനം സംഘടിപ്പിച്ചിരുന്നു. അതതു മേഖലയിലെ കലാകാരൻമാരെ ഉൾപ്പെടുത്തിയായിരുന്നു പ്രദർശനം. കരിങ്കാളി, വട്ടമുടി, മലവാഴിയാട്ടം, ദൈവക്കോലം, ചേരിക്കെട്ട്‌, മയിലാട്ടം, കുതിരകളി, പൊയ്‌ക്കുതിര, പൊയ്‌ക്കാള, പൂതൻ, തിറ എന്നിങ്ങനെ ആയിരത്തോളം കലാരൂപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനോടകം ഗവേഷണത്തിലൂടെ കണ്ടെത്തി രേഖപ്പെടുത്തി. അതിൽ ഇരുന്നൂറോളം കലാരൂപങ്ങൾ ജനാർദനൻ നേതൃത്വം നൽകുന്ന കലാസംഘം അവതരിപ്പിക്കുന്നു. പുരാവസ്‌തുക്കളുടെ പ്രദർശനവും അവയുൾപ്പെടുന്ന കലാരൂപങ്ങളും സമന്വയിപ്പിച്ച്‌ പ്രദർശന മേള സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ടി ആർ അജയൻ, ഡോ. പാർവതിവാര്യർ, സൂര്യ കൃഷ്ണമൂർത്തി, ഡോ. പി മുരളി തുടങ്ങിയ സാംസ്കാരിക പ്രവർത്തകരും പ്രോത്സാഹനവുമായി കൂടെയുണ്ട്‌. കഴിഞ്ഞ 25 വർഷമായി നാടൻപാട്ട്‌ രംഗത്ത്‌ സജീവമായ ജനാർദനൻ പുതുശേരി കേരള ഫോക്‌ലോർ അക്കാദമി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌. പരേതരായ മാണിക്യന്റെയും രാജമ്മയുടെയും മകനാണ്‌. ഭാര്യ: വി കെ സുരജി. മക്കൾ: സാരംഗി, ധ്രുവൻ.



deshabhimani section

Related News

View More
0 comments
Sort by

Home