മായന്നൂർ റെയിൽപ്പാളത്തിൽ ഇരുമ്പുക്ലിപ്പുകൾ

ഒറ്റപ്പാലം
റെയിൽപ്പാളത്തിൽ അപകടകരമായ രീതിയിൽവച്ച ഇരുമ്പുക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം–-ലെക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂർ മേൽപ്പാലത്തിന് സമീപത്താണ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പാണ് കണ്ടെത്തിയത്. പാലക്കാട്ടേക്കുള്ള പാളത്തിലായിരുന്നു ഇരുമ്പുനിർമിത ക്ലിപ്പുകൾ. തിങ്കൾ വൈകിട്ട് 6.15നും 6.45നും ഇടയിലാണ് സംഭവം. പാലക്കാട് ഭാഗത്തേക്ക് പോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വിവിധ ഭാഗങ്ങളിലായി ക്ലിപ്പുകൾ കണ്ടെത്തിയത്. പിന്നാലെയെത്തിയ നിലമ്പൂർ -പാലക്കാട് പാസഞ്ചർ വേഗത കുറച്ച് കടത്തിവിട്ടു. ഉറപ്പുള്ള ഇരുമ്പായതിനാൽ അപകടസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒറ്റപ്പാലം പൊലീസ് കേസെടുത്തു. വിജനമായ സ്ഥലത്തായതിനാൽ പൊലീസിന് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ആർപിഎഫും അന്വേഷണം തുടങ്ങി.









0 comments