അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറച്ചു: മന്ത്രി

അഗളി
മുപ്പത് ശതമാനമായിരുന്ന അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് 6.8 ശതമാനമായി കുറച്ചത് സംസ്ഥാനത്തിന്റെ വിജയമാണെന്ന് മന്ത്രി വീണാ ജോർജ്. ദേശീയ തലത്തിൽ കേരളത്തിന്റെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞു. അട്ടപ്പാടി കോട്ടത്തറ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 13.66 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അട്ടപ്പാടിയിലെ ജനങ്ങളുടെ ശാരീരിക – -മാനസികാരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്. ഗര്‍ഭിണികള്‍ക്കായി 28 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ തുടങ്ങാനായി.174 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പെണ്‍ട്രിക(ആദിവാസി സ്ത്രീകളുടെ ആരോഗ്യ വിവരശേഖരണം) കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതികളില്‍ നടക്കുന്നുണ്ട്. കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആധുനിക സജ്ജീകരണങ്ങള്‍ മണ്ഡലത്തിന് പുറത്തുള്ളവരെയും ആകര്‍ഷിച്ചു. അട്ടപ്പാടിയിലെ ആരോഗ്യപ്രവർത്തകരെല്ലാം ഹൃദയംകൊണ്ട് ജോലി ചെയ്യുന്നവരാണ്. കോട്ടത്തറ ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയർത്താനായി നെടുംതൂണായ ഡോ. എം എസ് പത്മനാഭൻ അട്ടപ്പാടിയിൽ ജോലി ചെയ്യാനാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. അട്ടപ്പാടിയിലെ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. നിപാ പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് മന്ത്രി പ്രകാശിപ്പിച്ചു. ആശുപത്രിയിലെ ഒ പി, സ്‌ക്രീനിങ് ബ്ലോക്ക്, ഫിസിയോതെറാപ്പി ബില്‍ഡിങ്, കാന്റീന്‍ സ്റ്റോര്‍, ഡോക്ടര്‍മാരുടെ താമസ സ്ഥലം, ഡയാലിസിസ് -കീമോതെറാപ്പി കേന്ദ്രം, ഡോര്‍മെറ്ററി, വൈദ്യുതി സംവിധാനം, സിടി സ്‌കാന്‍, പവര്‍ ലോണ്‍ട്രി, നവീകരിച്ച ലേബര്‍ റൂം തുടങ്ങിയവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, വൈസ് പ്രസിഡന്റ് കെ കെ മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, പി രാമമൂര്‍ത്തി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എസ് സനോജ്, കാളിയമ്മ മുരുകന്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ പി സാദിക്കലി, കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി എസ് മനോജ്, കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി വി റോഷ് എന്നിവര്‍ സംസാരിച്ചു.









0 comments