കാഞ്ഞിരപ്പുഴയിൽ കാട്ടാനക്കൂട്ടം

മണ്ണാർക്കാട്
മലയോര മേഖലയായ കാഞ്ഞിരപ്പുഴയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി. തിങ്കൾ രാവിലെ 5.30നാണ് പാലക്കയം പത്തായക്കല്ല് ഭാഗത്ത റങ്ങിയത്. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ സമീപത്തുകൂടെ പായ്‌പുല്ല് ഭാഗത്തേക്കാണ് എത്തിയത്. വീടുകളുടെ 50 മീറ്റർ മുന്നിലൂടെയാണ് കാട്ടാനകൾ നടന്നുനീങ്ങിയത്. പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിലൂടെ കാട്ടാന ഇറങ്ങിയ വിവരം എല്ലാവരെയും അറിയിച്ചതിനാൽ അപകടം ഒഴിവായി. കുട്ടിയാനയുൾപ്പെടെ ആറ് ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇവയെ ശിരുവാണി മലനിരകളുടെ ഭാഗമായ എസ് കർവ് ഭാഗത്തുകൂടി വനത്തിലേക്ക് കയറ്റിവിട്ടു. ആർആർടിയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനത്തിലേക്ക് കയറിയത്. ഒരാഴ്ചയായി ഇരുമ്പകച്ചോല പാലക്കയം ഭാഗങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശം കെ ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. ഞായർ രാത്രിയും ഇരുമ്പകച്ചോല ഭാഗത്ത് കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചിട്ടുണ്ട്.









0 comments