വളത്തിന് തീവില, കിട്ടാനുമില്ല

ടി എസ് അഖിൽ
പാലക്കാട്
വളത്തിന് തീവിലയായതോടെ പ്രതിസന്ധിയിലായ കർഷകർക്ക് ഇരുട്ടടിയായി ക്ഷാമവും. ഒന്നാംവിള കൃഷി ആരംഭിച്ച് വളമിടലിന് സമയമായപ്പോഴാണ് ക്ഷാമം. യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ്, ഡൈഅമോണിയം ഫോസ്‌ഫേറ്റ് എന്നിവയാണ് കിട്ടാനില്ലാത്തത്. നെൽച്ചെടികളുടെ വളർച്ചയ്ക്ക് കൂട്ടുവളങ്ങൾ നൽകേണ്ട സമയമാണിപ്പോൾ. ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25 കിലോവരെ യൂറിയ എന്നിങ്ങനെയാണ് വളപ്രയോഗം. ഇത് കൃത്യമായി നടത്താനാകാതെയായാൽ വിളവ് മോശമാകുമെന്ന ആശങ്കയിലാണ് കർഷകർ. രണ്ടാംഘട്ടത്തിൽ നൽകേണ്ട യൂറിയയും കിട്ടാനില്ല. മെയ് അവസാനം പെയ്‌ത കനത്തമഴയിൽ വിതച്ച നെല്ല് നഷ്ടമായവർ കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് വീണ്ടും വിത്തിറക്കിയത്. രണ്ടാമതും ഞാറ്റടി ഒരുക്കിയതിനടക്കം കൂടുതൽ തുക ചെലവഴിക്കേണ്ടിവന്ന കർഷകർ വിളവുകൂടി കുറഞ്ഞാൽ കടുത്ത പ്രതിസന്ധിയിലാകും.
വില ഉയർത്തി കമ്പനികൾ
കർഷകരുടെ നടുവൊടിച്ച് മോദി സർക്കാരിന്റെ ഒത്താശയോടെ രാസവളം കമ്പനികൾ വില കുത്തനെ ഉയർത്തുകയാണ്. 2015ൽ 300 രൂപയുണ്ടായിരുന്ന പൊട്ടാഷ് ചാക്കിന് ഇപ്പോൾ 1800 രൂപ നൽകണം. 2022ൽ 950 രൂപയായിരുന്ന വില മൂന്നുവർഷംകൊണ്ട് ഇരട്ടിയോളമായി. 2024ൽ 1300 ആയിരുന്ന ഫാക്ടംഫോസ് 1475 ആയി. യൂറിയ സബ്‌സിഡി നിരക്കിൽ 300 രൂപയ്ക്കാണ് ലഭിക്കുന്നത്. 260 ആയിരുന്നതാണ് 300ൽ എത്തിയത്. പ്രതിസന്ധി മറയാക്കി ഗുണനിലവാരമില്ലാത്ത സ്വകാര്യ കമ്പനികളുടെ കൂട്ടുവളങ്ങളും ജൈവവളങ്ങളും കർഷകരെക്കൊണ്ട് വാങ്ങിപ്പിക്കാനും നീക്കമുണ്ട്.
കർഷകസംഘം പ്രതിഷേധം ഇന്ന്
വളത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കാത്തതിലും വിലവർധനയിലും കർഷകസംഘം കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കും. ചൊവ്വ രാവിലെ ഏരിയകേന്ദ്രങ്ങളിലാണ് പ്രതിഷേധം. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ വടക്കഞ്ചേരിയിലും ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ ആലത്തൂരിലും സെക്രട്ടറി എം ആർ മുരളി പുതുശേരിയിലും ട്രഷറർ സുഭാഷ് ചന്ദ്രബോസ് ഒറ്റപ്പാലത്തും സംസ്ഥാന കമ്മിറ്റിയംഗം ജോസ് മാത്യൂസ് പാലക്കാട്ടും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ കൊല്ലങ്കോട്ടും സി പി പ്രമോദ് കോട്ടായിയിലും ഉദ്‌ഘാടനം ചെയ്യും. രാവിലെ പത്തിനാണ് സമരം.









0 comments