ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടി
മികവേറും വിദ്യാലയങ്ങൾ


സ്വന്തം ലേഖകൻ
Published on Aug 09, 2025, 01:00 AM | 1 min read
പാലക്കാട്
ജില്ലയിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിനും മുന്നേറ്റത്തിനും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത് 18.5 കോടി രൂപയുടെ പദ്ധതികൾ. വിദ്യാഭ്യാസ ഗുണമേന്മ, കായിക വികസനം, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയവ ഉറപ്പാക്കുകയാണ് ലക്ഷ്യം. എസ്എസ്എൽസി, ഹയർ സെക്കൻഡറി വിജയശതമാനം ഉയർത്താനുള്ള വിജയശ്രീ പദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കായികാധ്യാപകരെ നിയമിക്കാൻ 50 ലക്ഷം വിനിയോഗിക്കും. കായിക ഉപകരണങ്ങൾ ലഭ്യമാക്കാൻ 50 ലക്ഷവും കായികപരിശീലനത്തിന് 25 ലക്ഷവും വകയിരുത്തി. പെൺകുട്ടികൾക്ക് പ്രതിരോധ പരിശീലനത്തിന് 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ ഹ്രസ്വ വീഡിയോ തയ്യാറാക്കി സ്കൂളിൽ അവതരിപ്പിക്കും. ഇതിനായി 10 ലക്ഷം രൂപ ചെലവിടും. കഴിഞ്ഞവർഷം വൻ വിജയമായ സ്കൂൾ ലൈബ്രേറിയൻ പദ്ധതി 28 വിദ്യാലയത്തിൽ നടപ്പാക്കി. ലൈബ്രേറിയൻമാരെ നിയമിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്തിനുകീഴിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവയിലെ വൈദ്യുതി നിരക്ക് അടയ്ക്കാൻ 50 ലക്ഷം രൂപ ചെലവാക്കും. പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണത്തിന് ഒരു കോടിയും എസ്എസ്കെ വിഹിതമായി മൂന്നരക്കോടിയും വിനിയോഗിക്കും. കംപ്യൂട്ടർ വാങ്ങാൻ 70 ലക്ഷം രൂപയും വകയിരുത്തി. സ്കൂൾ അറ്റകുറ്റപ്പണിക്ക് മൂന്നുകോടിയും നിർമാണത്തിനും ഫർണിച്ചർ വാങ്ങാനും ഒന്നരക്കോടി വീതവുമുണ്ട്. ശുചിമുറികളൊരുക്കാൻ മൂന്നുകോടി. സ്കൂൾ ലാബുകൾക്ക് ഒരുകോടി, സ്കൂൾ പത്രത്തിന് പത്തുലക്ഷം, പട്ടികവർഗ ഉന്നതികളിൽ നടപ്പാക്കുന്ന മഞ്ചാടി, മഴവില്ല് പദ്ധതികൾക്ക് അഞ്ചുലക്ഷം വീതവും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് പത്തുലക്ഷവും അനുവദിക്കും.









0 comments