ഈ ഒത്തൊരുമ

പ്രളയത്തിൽപ്പെട്ടവർക്ക് സഹായവുമായി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്നു (ഫയൽചിത്രം)
സായൂജ് ചന്ദ്രൻ
Published on Jul 30, 2025, 12:51 AM | 1 min read
പാലക്കാട്
മഹാപ്രളയത്തെ ഒത്തൊരുമിച്ച് ഒരുനാടാകെ അതിജീവിച്ച കഥ പറയാനുണ്ട് ഇൻഡോർ സ്റ്റേഡിയത്തിന്. പ്രളയത്തിരയിൽ ആഴ്ന്നുപോയ ജീവിതങ്ങളെ പ്രതീക്ഷയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഇടം. പ്രളയത്തിൽ ജീവിതം പെരുവഴിയിലായവർക്കായി ആഗസ്ത് രണ്ടാം വാരത്തിലാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ കലക്ഷ്ൻ കേന്ദ്രം തുറന്നത്. അന്ന് പാലക്കാട് എംപിയായിരുന്ന ഇന്നത്തെ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും ചെറുതും വലുതുമായ സഹായങ്ങൾ നിമിഷനേരങ്ങൾകൊണ്ട് കുന്നുകൂടി. അരി, പഞ്ചസാര, ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, വെള്ളം, കുട്ടികൾക്കുള്ള ഭക്ഷണങ്ങൾ, സാനിറ്ററി പാഡ്, ശുചീകരിക്കാനുള്ള വസ്തുക്കൾ, അവശ്യമരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങി ലക്ഷങ്ങളോളം വിലയുള്ള വസ്തുക്കൾ കേന്ദ്രത്തിലെത്തി. മെയ്യും മനസും തളരാതെ വിദ്യാർഥികളുൾപ്പെടെ നൂറോളം വളന്റിയർമാർ സാധനങ്ങൾ പായ്ക്ക് ചെയ്യാനും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനും അണിനിരന്നു. മാസങ്ങളോളം ക്യാമ്പ് അതേ ഉൗർജത്തോടെ പ്രവർത്തിച്ചു. ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങൾക്ക് എല്ലാവരും സാക്ഷിയായി. 2019ൽ പ്രളയം ആവർത്തിച്ചപ്പോഴും ഇൻഡോർ സ്റ്റേഡിയത്തിൽ സമാനമായി കലക്ഷ്ൻ കേന്ദ്രം തുറന്നു. നിലമ്പൂരിനെ പിടിച്ചു കുലുക്കിയ കവളപ്പാറ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷപ്പെട്ടവർക്ക് 20 ലക്ഷം രൂപയുടെ സാധനങ്ങളെത്തിച്ചു. വേണ്ടപ്പോഴെല്ലാം സഹായം അന്വേഷിക്കുന്നവർക്ക് കാതോർത്തിരുന്നു.








0 comments