മരുതങ്കോട് ആദിവാസി ഉന്നതിയിൽ പഠനം നിർത്തിയ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി തിരികെ പ്രവേശിപ്പിച്ചു

പാലക്കാട്
കുമരംപുത്തൂർ പഞ്ചായത്തിലെ മരുതങ്കോട് ആദിവാസി ഉന്നതിയിൽ നാല് കുട്ടികൾ പഠനം നിർത്തിയെന്ന പരാതിയെതുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രദേശം സന്ദർശിച്ചു. തുടർന്ന് കുട്ടികൾക്ക് പഠനം തുടരാൻ ആവശ്യമായ സാഹചര്യം ഒരുക്കി. ഉന്നതിയിൽ സിറ്റിങ് നടത്തിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽ കൂടുതൽ കുട്ടികൾ പഠനം ഇടയ്‌ക്ക് ഉപേക്ഷിച്ചതായി പരാതി വന്നു. 15 കുട്ടികൾ ഇത്തരത്തിൽ ഇടയ്‌ക്ക് നിർത്തിയതായി കണ്ടെത്തി. ആറ് വയസുള്ള മൂന്ന് കുട്ടികളെ ഇതുവരെ സ്‌കൂളിൽ ചേർത്തിട്ടില്ല. മൂന്ന് കുട്ടികൾക്ക് ഹോസ്‌റ്റൽ സൗകര്യം വേണമെന്നും അറിയിച്ചു. മൂന്ന് കുട്ടികൾക്ക് ഐടിഐ പഠനം വേണമെന്നതിനാൽ അതിനുള്ള സൗകര്യവും ചെയർമാൻ എം വി മോഹനന്റെ നേതൃത്വത്തിൽ ഉറപ്പാക്കി. ഉന്നതിക്ക് സമീപം മദ്യപാനം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ അക്കാര്യത്തിൽ ശക്തമായി ഇടപെടാൻ പൊലീസിന് നിർദേശം നൽകി. പഠനം മുടങ്ങിയവർക്ക് തിങ്കളാഴ്‌ചതന്നെ സ്‌കൂളുകളിൽ പ്രവേശനം നൽകാനും കുട്ടികൾ സ്‌കൂളിൽ എത്തി എന്ന് ഉറപ്പാക്കി റിപ്പോർട്ട് നൽകാനും പൊലീസിന് നിർദേശം നൽകി. ഹോസ്‌റ്റൽ സൗകര്യം ആവശ്യമായവർക്ക് ഉറപ്പാക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചൈൽഡ് വെൽഫെയർകമ്മിറ്റി ചെയർമാൻ എം വി മോഹനനുപുറമെ അംഗങ്ങളായ എം സേതുമാധവൻ, സൗമ്യ എലിസബത്ത് സെബാസ്‌റ്റ്യൻ, എൻ എൻ പ്രഭ എന്നിവരും ഐസിഡിഎസ് സൂപ്പർ വൈസർ, സിഡിപിഒ, ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസർ, ജനപ്രതിനിധികൾ എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.








0 comments