തിമിർത്തോണം

സായൂജ് ചന്ദ്രൻ
Published on Aug 27, 2025, 12:00 AM | 1 min read
പാലക്കാട്
ഓണാഘോഷ തിമിർപ്പിൽ ജില്ലയിലെ കലാലയങ്ങൾ. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രാധാന്യം ഉൗട്ടിയുറപ്പിക്കുകയാണ് ഓരോ ക്യാമ്പസുകളും. കളിയും ചിരിയും ഒത്തൊരുമിച്ചുള്ള സദ്യയുമായി സ്‌നേഹത്തിന്റെ പുതിയ ഭാഷ്യം കോളേജുകൾ നൽകുന്നു. പഴയ ആഘോഷങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇന്നത്തെ ക്യാമ്പസ് ആഘോഷ രീതികൾ. പ്രത്യേകം തയ്യാറാക്കുന്ന വസ്‌ത്രങ്ങളാണ് ഓണാഘോഷത്തെ കൂടുതൽ മോടിപിടിപ്പിക്കുന്നത്. ഡിപ്പാർട്ടുമെന്റുകൾ തിരിഞ്ഞ് ഒരേ നിറത്തിലുള്ള ഷർട്ട്, മുണ്ട്, സാരി, ബ്ലൗസ് എന്നിവയാണ് താൽപ്പര്യം. ചിലരാകട്ടെ ഇവരിൽനിന്ന് വ്യത്യസ്തമായി അവരവർക്ക് പ്രിയപ്പെട്ട നിറത്തിലും ഡിസൈനിലുമുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തുന്നു. ഇതിനായി ഒരാഴ്‌ച മുമ്പെങ്കിലും തയ്യാറെടുപ്പ് തുടങ്ങും. വസ്‌ത്രങ്ങൾ ഓൺലൈനായി വാങ്ങുന്നവരും കൂടുതലാണ്. വസ്‌ത്രങ്ങൾ കൂടാതെ കമ്മൽ, വള, പാദസരം തുടങ്ങിയ ആഭരണങ്ങളും ഓൺലൈനിലൂടെയാണ് വാങ്ങുന്നത്. അധ്യാപകരും ഓണം സ്‌പെഷ്യൽ വസ്‌ത്രങ്ങളും ആഭരണങ്ങളും അണിയുന്നു എന്നതാണ് പ്രത്യേകത. കോളേജ് അങ്കണത്തിലെ വാദ്യമേളമാണ് ആഘോഷത്തിന് മാറ്റുകൂട്ടുന്നത്. ശിങ്കാരിമേളമാണ് പ്രധാനം. അകമ്പടിയായി ബൈക്കുകളും ജീപ്പുകളുമെത്തുന്നു. താളത്തിനൊപ്പം വിദ്യാർഥികൾ മതിമറന്നാടുന്നു. ചിലരാകട്ടെ വ്യത്യസ്ത കൂളിങ് ഗ്ലാസുവച്ചും കൈയിൽ മുല്ലപ്പൂവ് ചുറ്റിയുമാണ് ഡാൻസ്. വിവിധയിടങ്ങളിൽ കാറ്ററിങ് ഏൽപ്പിച്ചാണ് ഓണസദ്യ. ഒത്തൊരുമിച്ചുള്ള സദ്യക്കുശേഷം പഴമയെ ഓർമിപ്പിക്കുംവിധം വിവിധ ഓണക്കളികൾ അരങ്ങേറും. വാശിയേറിയ വടംവലിയാണ് താരം. ചാക്കിലോട്ടം, സ്‌പൂൺ റൈസ്, വെള്ളംകുടി, അപ്പംകടി, തീറ്റമത്സരം എന്നിവയും ആവേശമാണ്. സുന്ദരിയെ കൂടാതെ സുന്ദരനും പൊട്ടുകുത്തൽ മത്സരമുണ്ടെന്നത് ക്യാമ്പസുകളിലെ പുത്തൻ കാഴ്‌ചപ്പാടുകളെ സൂചിപ്പിക്കുന്നതാണ്. പുതിയ രീതിയിലേക്ക് ഓണാഘോഷത്തെ മാറ്റിയെടുത്തത് ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം റീലുകളാണെന്ന് വിദ്യാർഥികൾ പറയുന്നു. പഴയ ഓണാഘോഷത്തെ അതേപടി സ്വീകരിക്കുകയല്ല. റീലുകളായി പ്രത്യക്ഷപ്പെടുന്ന ട്രെൻഡുകൾ ക്യാമ്പസ് ആഘോഷങ്ങളെയും വലിയ രീതിയിൽ സ്വാധീനിക്കുന്നു. ഓണാഘോഷ വേളയിൽ വിദ്യാർഥികൾ ഫോട്ടോയും റീലുമെടുക്കുന്നത് പതിവായിട്ടുണ്ട്. എന്നിരുന്നാലും ആഘോഷത്തെയും ഒത്തുചേരലിനെയും അത് കാര്യമായി ബാധിക്കുന്നില്ലയെന്നും വിദ്യാർഥികൾ പറയുന്നു.








0 comments