ഭാരതപ്പുഴയോരത്തെ വാഴക്കുലകൾ

കൂറ്റനാട്
ഓണവിപണിയിൽ താരമാകാനുള്ള നേന്ത്രപ്പഴം വിളയുന്നുണ്ട് ഭാരതപ്പുഴയോരത്ത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളും ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളും വിവിധ ഇനം വാഴക്കൃഷിയിൽ പ്രസിദ്ധമാണ്. ഭാരതപ്പുഴയോരത്തെ എക്കാലവും പച്ചപ്പട്ടണിയിക്കുന്നതിൽ വാഴത്തോട്ടങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. പട്ടാമ്പി പാലംമുതൽ കുമ്പിടിവരെയുള്ള തീരമേഖല നേന്ത്ര, കദളി, റോബസ്റ്റ എന്നിവയുടെ കൃഷിയാൽ ഏതുകാലത്തും സമൃദ്ധമാണ്. ഇടവിളയായി പച്ചക്കറി കൃഷിയും പതിവാണ്. സ്വന്തമായുള്ള സ്ഥലത്തിന് പുറമെ പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷി ചെയ്യുന്നവരുണ്ട്. ജലസേചനത്തിനുള്ള സൗകര്യമുണ്ടാകുക എന്നതാണ് പ്രധാനം. ഇതിനുകർഷകർ പ്രധാനമായും ആശ്രയിക്കുന്നത് ഭാരതപ്പുഴയേയും കൈവഴികളായി ഒഴുകുന്ന തോടുകളേയുമാണ്. നാടൻ നേന്ത്രവാഴ, കുതിര വാലൻ, ചെങ്ങാലിക്കോടൻ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓണത്തിനുമുമ്പ് കന്നുനട്ട് ഏപ്രിൽ–- മെയ് മാസങ്ങളിൽ വിളവെടുക്കുന്നതാണ് കുംഭവാഴ. ഓണത്തിനുശേഷം കന്നുനട്ട് ഓണവിപണി ലക്ഷ്യമാക്കി വിളവെടുക്കുന്നതാണ് ഓണവാഴ. ജൈവ കൃഷിയായതിനാൽ ഈ മേഖലയിലെ നേന്ത്രക്കായക്ക് വിപണിയിൽ ആവശ്യക്കാർ കൂടുതലാണ്. 500 മുതൽ 10,000 വരെ വാഴയുള്ള തോട്ടങ്ങളുമുണ്ട്. ഏഴ് ചീർപ്പും 15 കിലോവരെ തൂക്കവും ഉള്ള കുലകളും ലഭിക്കാറുണ്ട്. കദളിവാഴയുടെ പ്രധാന വിപണി ഗുരുവായൂരാണ്. റോബസ്റ്റയും വൻ വിപണന സാധ്യതയുള്ളതാണ്.








0 comments